ഫണ്ടുണ്ട്, ടെൻഡറുമായി; പ്രവൃത്തി മാത്രം തുടങ്ങിയില്ല
text_fieldsമൂവാറ്റുപുഴ: റോഡ് നിർമിക്കാൻ ഫണ്ടുണ്ട്. ടെൻഡർ നടപടികളും പൂർത്തിയായി. നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉന്നത യോഗങ്ങളും തകൃതിയായി നടന്നു. പക്ഷേ, നിർമാണം മാത്രം നടക്കുന്നില്ല. മൂവാറ്റുപുഴ നഗരത്തിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിക്കുന്ന ആസാദ് റോഡ്-ആട്ടായം -കുറ്റിക്കാട്ട് ചാലിപ്പടി റോഡിനാണീ ഗതികേട്.
വർഷങ്ങൾക്ക് മുമ്പ് ഫണ്ട് അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാതെ തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ റോഡിന്റ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലക്കാൻ നാല് മാസം മുമ്പാണ് ഉന്നതതല യോഗം ചേർന്നത്. ഇലക്ട്രിക് പോസ്റ്റുകളും മറ്റും മാറ്റി സ്ഥാപിച്ചശേഷം അടുത്ത ദിവസം റോഡ് നിർമാണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതല്ലാം ശരിയാക്കി മെറ്റൽ ഇറക്കിയതല്ലാതെ തുടർ പ്രവൃത്തികൾ ഉണ്ടായില്ല.
റോഡിൽ മെറ്റിൽ ഇറക്കിയതോടെ ഇരുചക്ര വാഹനങ്ങൾ കയറി മറിഞ്ഞ് അപകടത്തിൽപെടുന്നതും പതിവായി. കഴിഞ്ഞ സർക്കാറിന്റ കാലത്താണ് 2020 നവംമ്പര്‍ നാലിന് റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മൂവാറ്റുപുഴ നഗരസഭയിലെ കീച്ചേരിപ്പടിയിൽനിന്ന് ആരംഭിച്ച് പായിപ്ര പഞ്ചായത്തിലെ ആട്ടായം -കുറ്റിക്കാട്ട് ചാല്പ്പടിയിലെ മുളവൂരിൽ എത്തിച്ചേരുന്ന എട്ട് കിലോമീറ്റർ റോഡിലെ മുളവൂർ മേഖലയിൽ വരുന്ന 3.5 കിലോമീറ്റർ റോഡിന് 3.5 കോടി രൂപ അനുവദിച്ചത്. ബി.എം. ബി.സി. നിലവാരത്തിൽ നിർമിക്കാനാണ് തുക അനുവദിച്ചത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായങ്കിലും അജ്ഞാത കാരണങ്ങളാൽ തുടർ നടപടി ഉണ്ടായില്ല.
റോഡ് തകർന്ന് കാർ നടയാത്ര പോലും ദുസ്സഹമായതോടെ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് നാല് മാസം മുമ്പ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്ന് അടുത്ത ദിവസം തന്നെ നിർമാണം ആരംഭിക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, അതും നടപ്പായില്ല. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ റോഡ് 1985 ൽ നാട്ടുകാരുടെ ശ്രമഫലമായാണ് നിർമിച്ചത്. മുളവൂർ നിവാസികൾക്ക് എളുപ്പത്തിൽ മൂവാറ്റുപുഴയിൽ എത്തിചേരാൻ കഴിയുന്ന റോഡ് പിന്നീട് ജില്ലാ പഞ്ചായത്തിന്റയും പൊതുമരാമത്ത് വകുപ്പിന്റെയും നഗരസഭയുടെയും അധീനതയിലായതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനാകാതെ കിടക്കുകയായിരുന്നു. റോഡിന്റെ അറ്റകുറ്റപ്പണികളെ അടക്കം ഇത് ബാധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഒന്നര കിലോമീറ്റര്‍ റോഡ് എല്ലാ വര്‍ഷവും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തും. എന്നാൽ, ജില്ല പഞ്ചായത്തിന്റെയും നഗരസഭയുടെയും ഭാഗമായി വരുന്ന ഭാഗം പലപ്പോഴും തകര്‍ന്ന് കിടക്കാറാണ് പതിവ്. ഈസാഹചര്യത്തിലായിരുന്നു മുൻ എം.എൽ.എ എൽദോ എബ്രഹാം മുൻകൈ എടുത്ത് പായിപ്ര പഞ്ചായത്തിലെ മൂന്നര കിലോമീറ്റർ റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.