തടിയിൽ ജീവൻ തുടിക്കും ശിൽപങ്ങളൊരുക്കി ബിനു
text_fieldsമൂവാറ്റുപുഴ: മരത്തിൽ ജീവൻ തുടിക്കുന്ന ശിൽപങ്ങൾ തീർത്ത് മൂവാറ്റുപുഴ രണ്ടാർ സ്വദേശി ബിനു മാമ്പിള്ളിയിൽ. മരപ്പണി ഉപജീവനമാർഗമാക്കിയ ബിനു കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് മരപ്പലകകളിൽ ശിൽപങ്ങൾ കൊത്തിയെടുക്കാൻ തുടങ്ങിയത്. ആദ്യം കൊത്തിയെടുത്ത ശിവപാർവതി രൂപം കണ്ട് സുഹൃത്തുക്കളും വീട്ടുകാരും അഭിനന്ദിച്ചതോടെ വിശ്രമവേളകൾ ശിൽപ നിർമാണത്തിന് മാറ്റിവെക്കുകയായിരുന്നു രണ്ടുവർഷത്തിനുള്ളിൽ വിനുവിന്‍റെ കരവിരുതിൽ പിറന്നത് നിരവധി ശിൽപങ്ങളാണ്. നാഗങ്ങളും പക്ഷികളും മരച്ചങ്ങലകളും കൗതുകരൂപങ്ങളും അടക്കം നിരവധി ശിൽപങ്ങൾ പിറന്നു.
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൂർത്തിയായ തിരുവത്താഴം വരെ എത്തിനിൽക്കുകയാണ് വിനുവിന്‍റെ ശിൽപകല. ശിൽപഫലകങ്ങൾ വിലയ്ക്കു വാങ്ങാൻ നിരവധി പേർ എത്തിയെങ്കിലും നഗരത്തിൽ എവിടെയെങ്കിലും സൃഷ്ടികൾ പ്രദർശനത്തിന് വെച്ചതിനുശേഷം മാത്രമേ വിൽപന നടത്തൂവെന്ന തീരുമാനത്തിലാണ് ഈ കലാകാരൻ.
കൊത്തിയെടുക്കേണ്ട രൂപത്തിന്‍റെ ചിത്രം അതേ വലുപ്പത്തിൽ ഫ്ലക്സിൽ പ്രിന്‍റ് ചെയ്ത് കാർബൺ പേപ്പറിന്‍റെ സഹായത്തോടെ മരപ്പലകയിലേക്ക് പകർത്തിയതിനുശേഷമാണ് ശിൽപ നിർമാണം ആരംഭിക്കുന്നത്. മക്കളായ ബിരുദവിദ്യാർഥി ആകർഷും ഹൈസ്കൂൾ വിദ്യാർഥിയായ ആദർശും ശിൽപനിർമാണത്തിൽ സഹായിക്കും. വിജിതയാണ് ബിനുവിന്‍റെ ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.