പോത്ത് വിരണ്ടോടി; വയോധികക്കും വിദ്യാർഥികൾക്കും പരിക്കേറ്റു
text_fieldsമൂവാറ്റുപുഴ: വിരണ്ട് ഓടിയ പോത്ത് മുളവൂർ, ചെറുവട്ടൂർ മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോത്തിന്റെ ആക്രമണത്തിൽ നബിദിന ഘോഷയാത്ര കാണാൻ നിന്ന വയോധികക്ക് ഗുരുതര പരിക്കേറ്റു. നബിദിന ഘോഷയാത്രക്ക് അണിനിരന്ന വിദ്യാർഥികൾക്കിടയിലേക്ക് പോത്ത് ഓടിക്കയറിയതും പരിഭ്രാന്തി സൃഷ്ടിച്ചു. ഓടിമാറുന്നതിനിടെ വിദ്യാർഥികൾക്ക് അടക്കം വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. നിരപ്പ് കണ്ണാടി സിറ്റിയിൽനിന്ന് പുലർച്ച കയർ പൊട്ടിച്ച് ചാടിയ പോത്താണ് നാല് കിലോമീറ്റർ അകലെ പ്രശ്നം സൃഷ്ടിച്ചത്.
പോത്തിനെ എട്ടോടെ ചെറുവട്ടൂർ കുന്നത്തുകുടി ഭാഗത്ത് റബർതോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടമകൾ പിടിക്കാൻ എത്തിയതോടെ പുതുപ്പാടി റോഡിലൂടെ പാഞ്ഞ പോത്ത് കോട്ടേപീടികയിൽെവച്ചാണ് അക്രമാസക്തമായത്.
ഈ സമയം കോട്ടേപീടിക നൂറുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥികൾ ഘോഷയാത്രക്ക് അണിനിരക്കുകയായിരുന്നു. ഓടിയെത്തിയ പോത്ത് ഘോഷയാത്രയിലേക്ക് കയറിയതോടെ വിദ്യാർഥികൾ അടക്കമുള്ളവർ തലങ്ങും വിലങ്ങും ഓടി. ഓടുന്നതിനിടെ ഉരുണ്ടുവീണ് നിരവധിപേർക്ക് പരിക്കേറ്റു. ഇതിനിടെ, ഘോഷയാത്ര കാണാൻ തടിച്ചുകൂടിനിന്ന സ്ത്രീകൾക്കിടയിലേക്ക് പോത്ത് പാഞ്ഞടുത്തതോടെ ഇവരും ഓടി. ഇതിനിടെയാണ് വയോധികയായ തെക്കേ വീട്ടിൽ ചെരുവ ഉമ്മയെ (70) പോത്ത് കൊമ്പിൽ കോരി നിലത്തിട്ടശേഷം ദേഹത്ത് ചവിട്ടിയത്. ഗുരുതര പരിേക്കറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നോട്ടു പാഞ്ഞ പോത്തിനെ ഒന്നര കിലോമീറ്റർ ദൂരെ മലേപീടിക ഭാഗത്തുെവച്ച് നാട്ടുകാർ പിടിച്ചുകെട്ടി. വിവരമറിഞ്ഞ് കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. സംഭവത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലെ മുഴുവൻ മദ്റസകളിലെയും നബിദിനറാലി ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.