മുറിക്കല്ല് ബൈപാസ് നിർമാണം; ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി
text_fieldsമൂവാറ്റുപുഴ: നഗരത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന മുറിക്കല്ല് ബൈപാസിന്റെ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നു. ഇതിനകം ഏറ്റെടുത്ത സ്ഥലം പദ്ധതി നിര്‍വഹണ ഏജന്‍സിയായ കെ.ആർ.എഫ്.ബിക്ക് റവന്യൂ വകുപ്പ് വ്യാഴാഴ്ച കൈമാറിത്തുടങ്ങി. ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സ്ഥലം ഏറ്റെടുത്ത് കൈമാറുന്നത്.
ബൈപാസിന്റെ സ്ഥലം ഏറ്റെടുപ്പിന് പ്രത്യേക സംഘത്തെ നിയോഗിക്കാൻ ജൂലൈ 18ന് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദേശത്തെ തുടർന്ന് കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കലക്ടർ ഉത്തരവിറക്കിയിരുന്നു. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇവർ 28 സ്ഥലങ്ങൾ ഏറ്റുവാങ്ങി. ഏറ്റെടുത്ത സ്ഥലത്തിന്റെ അതിര്‍ത്തികള്‍ കൃത്യമായി തിട്ടപ്പെടുത്തുന്നതിനാല്‍ ഭാവിയില്‍ ഈ ഭൂമി കൈയേറാനാകില്ല.
ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ആദ്യ വിശദ പദ്ധതി രേഖയിൽ ഉൾപ്പെട്ട 81 സ്ഥലങ്ങളുടെയും തുക നൽകിയതായും ജങ്ഷൻ വികസനത്തിനും മറ്റ് അധിക പ്രവൃത്തികൾക്കുമായി ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ വിജ്ഞാപനം പൂർത്തിയായതായും എം.എൽ.എ അറിയിച്ചു.
കടാതിയിൽനിന്ന് തുടങ്ങി 130ൽ എം.സി റോഡുമായി സന്ധിക്കുന്ന മൂന്ന് കിലോമീറ്റർ വരുന്ന ബൈപാസിന് 80 പേരിൽനിന്ന് രണ്ട് ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. സ്ഥലം ഏറ്റെടുക്കാനും നിർമാണ പ്രവർത്തനങ്ങൾക്കുമായി വർഷങ്ങൾക്കുമുമ്പെ ഫണ്ട് അനുവദിച്ചിരുെന്നങ്കിലും പല കാരണങ്ങളാൽ ഭൂമിയേറ്റെടുക്കൽ വൈകുകയായിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 2014ൽ ഏറെ കൊട്ടിഗ്ഘോഷിച്ച് പദ്ധതിയിലെ മൂവാറ്റുപുഴയാറിന് കുറുകെയുള്ള മുറിക്കല്ല് പാലം നിർമാണം പൂർത്തിയായിട്ട് ഒമ്പതുവർഷം പിന്നിട്ടു.
ബൈപാസ് നിർമാണം നടക്കാത്തതുമൂലം പാലം തുറക്കാനുമായില്ല. മുറിക്കല്ല് ബൈപാസിന്റെ നിർമാണത്തിന് 59.97 കോടിയാണ് അനുവദിച്ചിരുന്നത്. ഇതിൽനിന്ന് പാലം നിർമാണത്തിന് 14 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. എം.സി റോഡിലെ 130 കവലയില്‍നിന്ന് ആരംഭിച്ച് കൊച്ചി -ധനുഷ്കോടി ദേശീയപാതയിലെ കടാതി വരെയുള്ള മുറിക്കല്ല് ബൈപാസ് പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.