കടാതി-കാരക്കുന്നം ബൈപാസ് അനിശ്ചിതത്വത്തിൽ
text_fieldsമൂവാറ്റുപുഴ: മാസങ്ങൾക്കുമുമ്പ് വീണ്ടും ജീവൻവെച്ച കടാതി-കാരക്കുന്നം ബൈപാസ് പദ്ധതിക്ക് മരണമണി. മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി മൂന്നുപതിറ്റാണ്ടുമുമ്പ് കൊണ്ടുവന്ന പദ്ധതി പിന്നീട് അനിശ്ചിതത്വത്തിലായിരുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെ നിരന്തര ഇടപെടലിനൊടുവിൽ ആറുമാസംമുമ്പ് വീണ്ടും ട്രാക്കിലായ പദ്ധതിയാണ് താൽക്കാലികമായി വീണ്ടും ഉപേക്ഷിച്ചത്.
ഭൂമി ഏറ്റെടുക്കലിന് കൂടുതൽ തുക വേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് സൂചന. ഒരുമാസം മുമ്പ് പുതിയ അലൈൻമെന്റിൽ അതിർത്തി നിശ്ചയിച്ച് കല്ലിടുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷമാണ് പദ്ധതി ഉപേക്ഷിക്കാൻ എൻ.എച്ച്.എ.ഐ തീരുമാനിച്ചത്.
കൊച്ചി-ധനുഷ് കോടി റോഡിലെ കടാതിയിൽ നിന്നാരംഭിച്ച് കാരക്കുന്നത്ത് ദേശീയപാതയുമായി സന്ധിക്കുന്ന ബൈപാസ് 1995ൽ പി.സി. തോമസ് എം.പിയായിരിക്കെയാണ് പ്രഖ്യാപിച്ചത്. ബൈപാസ് റോഡിനായി അന്ന് അലൈൻമെന്റ് തയാറാക്കി കല്ലിട്ടെങ്കിലും തുടർനടപടി ഉണ്ടായില്ല. ഒടുവിൽ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന നിർദേശത്തിൽ തട്ടിനിൽക്കുകയായിരുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെ തുടർച്ചയായ ഇടപെടലിനെത്തുടർന്ന് റോഡിനുവേണ്ടിയുള്ള തുക പൂർണമായും കേന്ദ്രസർക്കാർ ചെലവഴിക്കാൻ തയാറായതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവെച്ചത്.
760 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 4.300 കി.മീ. വരുന്ന ബൈപാസ് 30 മീ. വീതിയിലാണ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി 2023 ഡിസംബർ ഏഴിന് 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാകുന്നത് മൂന്നുപതിറ്റാണ്ട് മുമ്പ് അളന്ന് കല്ലിട്ടുപോയ കുടുംബങ്ങൾക്ക് ഇരുട്ടടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.