ചെയര്‍മാനും സെക്രട്ടറിയും നിരന്തരം അപമാനിക്കുന്നു; സ്ഥലംമാറ്റത്തിന് അപേക്ഷിച്ച് 60 ഉദ്യോഗസ്ഥര്‍
text_fieldsമൂവാറ്റുപുഴ: നഗരസഭ ചെയർമാനും സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മൂവാറ്റുപുഴ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. മുനിസിപ്പൽ ഉദ്യോഗസ്ഥരോടുള്ള സെക്രട്ടറിയുടെയും ചെയർമാന്റെയും മോശം പെരുമാറ്റം അവസാനിപ്പിക്കുക, ശുചീകരണ തൊഴിലാളികളോടുള്ള തെറ്റായ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യോഗം ബഹിഷ്കരിച്ചത്.
നഗരസഭ ഓഫിസില്‍ നിന്ന് 60 ഉദ്യോഗസ്ഥര്‍ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരിക്കുകയാണ്. നല്ലരീതിയിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ ചെയര്‍മാനും സെക്രട്ടറിയും നിരന്തരം അപമാനിക്കുന്നതിനാലാണ് ഇത്രയധികംപേർ സ്ഥലംമാറ്റ അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് ഇവർ ആരോപിച്ചു. ശുചീകരണ തൊഴിലാളികളെ രാഷ്ട്രീയ പ്രേരിതമായി സസ്പെന്റ് ചെയ്യുകയാണെന്നും ഇടത് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. എല്ലാ വെള്ളിയാഴ്ചകളിലും നാട്ടിലേക്ക് പോകുന്ന നഗരസഭ സെക്രട്ടറി തിരിച്ച് ജോലിക്ക് എത്തുന്നത് ബുധനാഴ്ചയാണെന്നും ഈ ദിവസങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റുന്നുവെന്ന ഗുരുതര ആരോപണവും ഇവർ ഉന്നയിച്ചു.
ബഹിഷ്കരണ ശേഷം ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കൗണ്‍സിലര്‍ കെ.ജി. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉപസമിതി അധ്യക്ഷരായ നിസ അഷറഫ്, മീര കൃഷ്ണന്, കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണൻ, പി.എം. സലീം, ഫൗസിയ അലി, നെജില ഷാജി, സുധ രഘുനാഥ്, വി.എ. ജാഫര്‍ സാദിഖ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.