ചാലിക്കടവ് റോഡ് നിർമാണം പൂർത്തിയായി; 30 ന് തുറക്കും
text_fieldsമൂവാറ്റുപുഴ: ടൗണിലെ പ്രധാന ബൈപാസായ ചാലിക്കടവ് റോഡിന്റ നിർമാണം പൂർത്തിയായി. ഈമാസം 30ന് തുറന്നു നൽകും. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന നിർമാണം പൂർത്തിയായിട്ട് ഒരാഴ്ച കഴിഞ്ഞു. 28 ദിവസം ഇതിന്റ ക്യുയറിങ് പീരീയഡ് ആയതിനാലാണ് തുറക്കാത്തത്.
മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയുടെ ഒന്നാം കിലോമീറ്ററിൽപെടുന്ന ചാലിക്കടവ് പാലം മുതൽ റേഷൻകടപടി വരെ 900 മീറ്ററാണ് വഴി പൂർണമായി അടച്ച് കോൺക്രീറ്റ് ചെയ്തു മനോഹരമാക്കിയത്. പത്തു മീറ്റർ വീതിയിലും 65 സെന്റീമീറ്റർ കനത്തിലുമാണ് റോഡ് നിർമിക്കുന്നത്.
അഞ്ചുമീറ്റർ വീതിയിൽ രണ്ടു ഭാഗമായാണ് നിർമാണം നടത്തിയത്. വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കി. ചാലിക്കടവ് റോഡ് പൂർണമായി അടച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതോടെ നഗരം മുഴുവൻ ഗതാഗതക്കുരുക്കിൽപെടാൻ തുടങ്ങിയിട്ട് രണ്ടുമാസമായി. ഈ സാഹചര്യത്തിലാണ് റോഡ് അടിയന്തരമായി തുറക്കുന്നത്. തറന്നിരപ്പിൽനിന്ന് ഉയർന്നു നിൽക്കുന്ന റോഡിന്റ അരിക് മണ്ണിട്ട് ഉയർത്തുന്ന ജോലിയും അടുത്ത ദിവസം ആരംഭിക്കും. ഇതിനു ശേഷം ചാലിക്കടവ് പാലം കഴിഞ്ഞുള്ള ഭാഗത്തും റേഷൻകട കവലയിലും ടൈൽ വിരിക്കും.
റീബില്‍ഡ് കേരള പദ്ധതിയിൽപെടുത്തി കഴിഞ്ഞ സർക്കാറിന്റ കാലത്ത് അനുവദിച്ച 87 കോടി രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. 185 കിലോമീറ്ററാണ് മൂവാറ്റുപുഴ-തേനി പാതക്കുള്ളത്. ഇതിൽ മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ കല്ലൂർക്കാട് തഴുവംകുന്ന് വരെയുള്ള 20 കിലോമീറ്ററാണ് പദ്ധതിയിൽപെടുത്തിയത്.
മൂവാറ്റുപുഴ ചാലിക്കടവ് പാലം ഭാഗത്തുനിന്ന് ആരംഭിക്കുന്ന പാത കല്ലൂര്‍ക്കാട്, തഴുവംകുന്ന്, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴത്തോപ്പ്, ഇരട്ടയാര്‍, നെടുങ്കണ്ടം പഞ്ചായത്തുകളിലൂടെയാണ് തമിഴ്നാട്ടിലെ തേനിയിൽ എത്തുന്നത്.
ഇടുക്കി, എറണാകുളം ജില്ലകളുടെ വികസനത്തിന് നാന്ദികുറിക്കുന്ന പാത ഗ്രാമീണ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്നതൊടൊപ്പം ഈ പ്രദേശത്തിന്റെ വികസനത്തിന് വൻ കുതിച്ചുചാട്ടമുണ്ടാകുകയും ചെയ്യും.
ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ മുതൽ വാഴത്തോപ്പ് പഞ്ചായത്തു വരെ വനപ്രദേശത്തുകൂടിയാണു പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.