ചാലിക്കടവ് റോഡ് നിർമാണം അന്തിമഘട്ടത്തിൽ
text_fieldsമൂവാറ്റുപുഴ: ചാലിക്കടവ് റോഡിന്റെ നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിൽ. റോഡ് പൂർണമായി അടച്ച് നടത്തുന്ന പ്രവൃത്തികൾ കാലാവസ്ഥ അനുകൂലമായാൽ നിർമാണം ഒരു മാസം കൊണ്ട് പൂർത്തിയായേക്കും. മൂവാറ്റുപുഴ തേനി സംസ്ഥാന പാതയുടെ ഒന്നാം കിലോമീറ്ററിൽ പെടുന്ന ചാലിക്കടവ് പാലം മുതൽ റേഷൻകടപടി വരെയുള്ള 900 മീറ്റർ ദൂരമാണ് വഴി പൂർണമായി അടച്ച് കോൺക്രീറ്റ് ചെയ്യുന്നത്.
പത്തു മീറ്റർ വീതിയിലും 45 സെന്റീമീറ്റർ കനത്തിലുമാണ് റോഡ് നിർമിക്കുന്നത്. അഞ്ചു മീറ്റർ വീതിയിൽ രണ്ട് ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ അഞ്ചു മീറ്റർ വീതിയിലുള്ള ഒരു ഭാഗം 20 സെന്റീമീറ്റർ ഉയരത്തിൽ ഒരു ലെയർ കോൺക്രീറ്റ് ചെയ്ത് പൂർത്തിയാക്കി. മറുവശത്തെ നിർമാണ പ്രവൃത്തികളും ആരംഭിച്ചു കഴിഞ്ഞു. പൂർത്തിയായ ഭാഗത്ത് 25 സെന്റീമീറ്റർ കനത്തിൽ വീണ്ടും കോൺക്രീറ്റ് ചെയ്യും. ഇതിനിടയിൽ 16 എം.എം കമ്പിയിട്ടാണ് കോൺക്രീറ്റ് ചെയ്യുന്നത്.
ഇത് പൂർത്തിയാകുന്നതോടെ മറുവശവും ഇങ്ങന നിർമിക്കും. റീബില്‍ഡ് കേരളയിൽ ഉൾപ്പെടുത്തി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുവദിച്ച 87 കോടി രൂപ ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. 185 കിലോമീറ്റര്‍ ദൂരമാണ് മൂവാറ്റുപുഴ - തേനി പാതക്കുള്ളത്. ഇതിൽ മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ കല്ലൂർക്കാട് തഴുവംകുന്ന് വരെയുള്ള 20 കിലോമീറ്റർ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കാണ് 87 കോടി രൂപ അനുവദിച്ചത്.
മൂവാറ്റുപുഴ ചാലിക്കടവ് പാലം ഭാഗത്തുനിന്നാരംഭിക്കുന്ന പാത കല്ലൂര്‍ക്കാട്, തഴുവംകുന്ന്, ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴത്തോപ്പ്, ഇരട്ടയാര്‍, നെടുങ്കണ്ടം പഞ്ചായത്തുകളിലൂടെയാണ് തമിഴ്നാട്ടിലെ തേനിയിലേക്ക് എത്തുന്നത്. ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂര്‍ മുതല്‍ വാഴത്തോപ്പ് പഞ്ചായത്തു വരെയുള്ള ഭാഗത്ത് വനപ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.