മൂവാറ്റുപുഴ നഗരറോഡ് വികസനം അടിയന്തര യോഗം; നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് തീരുമാനമായില്ല
text_fieldsമൂവാറ്റുപുഴ: മുടങ്ങിക്കിടക്കുന്ന നഗരറോഡ് വികസനം പുനരാരംഭിക്കാനായി മാത്യു കുഴൽനാടൻ എം.എൽ.എ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ തീരുമാനമൊന്നുമായില്ല.
എന്നാൽ, വൈദ്യുതി തൂണുകളും ബി.എസ്.എൻ.എൽ കേബിളുകളും മാറ്റി സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ധാരണയായിട്ടുണ്ട്. ഒരു മാസത്തിലേറെയായി റോഡ് പ്രവൃത്തി നിലച്ചിട്ട്. കരാർ കാലാവധി കഴിഞ്ഞതിനു പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ കരാറുകാരൻ നിർത്തിവെക്കുകയായിരുന്നു.
തുടർന്ന്, റോഡ് നവീകരണ പ്രവർത്തനങ്ങളുടെ കരാറിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്പനി കിഫ്ബിക്കു കത്തു നൽകിയതിന് പിന്നാലെയാണ് വ്യാഴാഴ്ച എം.എൽ.എ തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്തത്. നിർമാണ കാലാവധി നീട്ടിനൽകുന്നതിന് ആനുപാതികമായി എസ്റ്റിമേറ്റിലെ തുക വർധിപ്പിക്കണമെന്ന കരാർ കമ്പനിയുടെ ആവശ്യത്തിൽ തീരുമാനമായിട്ടില്ല.
എന്നാൽ, റോഡ് നിർമാണത്തിനുള്ള മറ്റു തടസ്സങ്ങൾ നീക്കാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമറും ആർ.എം.യു യൂനിറ്റും സ്ഥാപിക്കുന്നതിന് വേണ്ട രൂപരേഖക്ക് യോഗം അംഗീകാരം നൽകി. ഓടയുടെ നിർമാണം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ബി.എസ്.എൻ.എൽ ഒപ്റ്റിക്കൽ കേബിളുകൾ മാറ്റി സ്ഥാപിക്കുന്നതിന് താൽക്കാലിക പരിഹാരം കണ്ടെത്തി പ്രവർത്തനം മുന്നോട്ടു നീക്കാൻ മാത്യു കുഴൽനാടൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു.
കിഫ്ബി, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ചതാണ് റോഡ് നവീകരണം.
നാലു മാസം പിന്നിട്ടപ്പോഴേക്കും പൂർണമായി നിലച്ചു. 15 ശതമാനം നിർമാണപ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. പല സ്ഥലങ്ങളിലും റോഡിന്റെ അരിക് കുഴിച്ച് കോൺക്രീറ്റ് ചേംബറുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.