മൂവാറ്റുപുഴയിൽ കുരുക്ക് രൂക്ഷം; നടപടി സ്വീകരിക്കാതെ പൊലീസ്
text_fieldsമൂവാറ്റുപുഴ: നഗര റോഡ് വികസന പ്രവർത്തനങ്ങൾ തുടങ്ങിയതിനു പിന്നാലെ ആരംഭിച്ച ഗതാഗതക്കുരുക്ക് നഗരത്തിന് ദുരിതമായി. പൊതുവെയുള്ള കുരുക്കിന് പുറമെ ഇതുകൂടി ആരംഭിച്ചതോടെ നഗരത്തിൽ ഗതാഗത സ്തംഭനം തുടർക്കഥയായി.
പി.ഒ ജങ്ഷനിൽനിന്ന് നെഹ്റു പാർക്ക് വരെ രണ്ട് കിലോമീറ്റർ താണ്ടാൻ അരമണിക്കൂറാണ് വാഹനങ്ങൾ എടുക്കുന്നത്. കച്ചേരിത്താഴത്ത് ആരംഭിച്ച റോഡ് നിർമാണംമൂലം ഉണ്ടാകുന്ന കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ ടി.ബി റോഡ് വഴി തിരിച്ചുവിട്ടിരുന്നു.
എന്നാൽ, ഇതോടെ കുരുക്ക് രൂക്ഷമാകുകയായിരുന്നു. വീതി കുറഞ്ഞ ടി.ബി റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഒഴിവാക്കാതെയാണ് വാഹനങ്ങൾ ഇതുവഴി തിരിച്ചുവിട്ടത്. ഇതുമൂലം ഗതാഗതസ്തംഭനം രൂക്ഷമാകുകയാണ്.
റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പേ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതടക്കമുള്ള വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഒന്നും ഉണ്ടായില്ല. നിർമാണം നടക്കുന്ന മേഖലയിലടക്കം അനധികൃത പാർക്കിങ്ങുണ്ട്.
കച്ചേരിത്താഴത്ത് പിറവം ബസ് സ്റ്റോപ് മുതൽ ടി.ബി റോഡ് ജങ്ഷൻ വരെ തിരക്കേറിയ ഭാഗത്ത് ഫുട്പാത്തുകളിൽ അടക്കം വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. ഇതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ട അവസ്ഥയിലാണ് കാൽനടക്കാർ. ഇത് അപകടങ്ങൾക്ക് ഇടയാക്കുന്നതിന് പുറമെ കുരുക്കും സൃഷ്ടിക്കുകയാണ്.
ഒരുവശത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ ഞെരുങ്ങിയാണ് കടന്നുപോകുന്നത്. ഇതിനിടയിലാണ് ഫുട്പാത്ത് കൈയേറ്റവും അനധികൃത പാർക്കിങ്ങും.
റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും വികസന പ്രവർത്തനങ്ങൾ നടക്കുന്ന തിരക്കേറിയ കച്ചേരിത്താഴം മേഖലയിൽ കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അനധികൃത പാർക്കിങ് അടക്കം ഒഴിവാക്കാൻ ട്രാഫിക് പൊലീസ് ശ്രദ്ധിക്കുന്നില്ലെന്ന ആരോപണമാണ് ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.