സ്റ്റേഡിയത്തിന്റ സ്ഥലമെടുത്ത് ബൈപാസ് റോഡ് നിർമാണം; തീരുമാനം പ്രത്യേക കൗൺസിൽ റദ്ദാക്കി
text_fieldsമൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിന്റ സ്ഥലം ഉപയോഗപെടുത്തി ബൈപാസ് റോഡ് നിർമിക്കാനെടുത്ത തീരുമാനം പ്രത്യേക കൗൺസിൽ യോഗം റദ്ദാക്കി. തീരുമാനത്തിനെതിരെ കായികപ്രേമികളും യുവജന സംഘടനകളും രംഗത്ത് വന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെയടക്കം ആവശ്യം പരിഗണിച്ച് ശനിയാഴ്ച രാവിലെ പ്രത്യേക കൗൺസിൽ യോഗം ചേർന്നത്.
പ്രതിപക്ഷ നേതാവ് ആര്. രാകേഷിന്റെ നേതൃത്വത്തില്‍ 10 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും രണ്ട് ബി.ജെ.പി. അംഗങ്ങളും യു.ഡി.എഫിന് പിന്തുണ നല്കി വരുന്ന വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അജി മുണ്ടാട്ടും കോൺഗ്രസ് വിമത കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പഴ്സണുമായ പ്രമീള ഗിരീഷ് കുമാറും ഒപ്പിട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പാണ് നഗരസഭ ചെയര്മാന് കത്ത് നല്‍കിയത്.
ഇതേതുടര്‍ന്നാണ് കൗണ്‍സില്‍ യോഗം വിളിച്ചത്. ചര്‍ച്ച നീണ്ടതോടെ കൗണ്‍സില്‍ വിളിക്കാന്‍ ആവശ്യപ്പെട്ട 14 കൗണ്‍സിലര്‍മാരും എഴുന്നേറ്റ് നിന്ന് റോഡ് നിര്‍മാണ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തീരുമാനം റദ്ദ് ചെയ്തതായി ചെയര്മാന് അറിയിക്കുകയായിരുന്നു. എന്നാൽ രണ്ട് ലീഗ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. റോഡിനുവേണ്ടി നിലകൊള്ളുകയും വെയർഹൗസിങ്ങ് കോർപ്പറേഷനെകൊണ്ട് ഫണ്ട് അനുവദിപ്പിച്ച് ടെണ്ടർ നടപടികൾ അടക്കം പൂർത്തീകരിക്കുകയും ചെയ്ത വാർഡ് അഗം കൂടിയായ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുസ്സലാമും കൗൺസിലർ ലൈല ഹനീഫയുമാണ് എതിർപ്പ് അറിയിച്ചത്. 2022 ഡിസംബർ 27ന് ചേർന്ന കൗൺസിലിൽ 15ാം നമ്പർ അജണ്ട പ്രകാരമാണ് റോഡ് നിർമിക്കാന്‍ തീരുമാനിച്ചത്. മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തുകൂടി എവറസ്റ്റ് കവല-ഇ.ഇ.സി ബൈപാസ് നിർമിക്കാനായിരുന്നു തീരുമാനമെടുത്തത്. റോഡ് വന്നാൽ കേരള സംസ്ഥാന വെയർ ഹൗസിങ് കോർപറേഷന്റെ ഭൂമിയിലേക്ക് വഴി സൗകര്യം ലഭിക്കുന്നമെന്നതും ചൂണ്ടിക്കാണിക്കപ്പെട്ടിണരുന്നു. 160 മീറ്റർ ദൈർഘ്യവും 10 മീറ്റർ വീതിയുമുള്ള റോഡ് നിർമിക്കാനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് പറഞ്ഞിരുന്നങ്കിലും അതില്ലാതെ ഒന്നര കോടി രൂപ ചിലവിൽ റോഡ് നിർമിക്കാൻ വെയർ ഹൗസിങ് കോർപ്പറേഷൻ ടെണ്ടർ വിളിക്കുകയായിരുന്നു. ഇതിനിടെ സ്പോർട്സ് കൗൺസിലിന് നഗരസഭ നൽകിയ സ്ഥലത്തുകൂടി റോഡ് നിർമാണം നടന്നാൽ അത് ഇൻഡോർ സ്റ്റേഡിയം എന്ന സ്വപ്നം തന്നെ ഇല്ലാതാകുമെന്നുമെന്ന അവസ്ഥ കൂടി വന്നതോടെയാണ് എതിർപ്പുയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.