മുറിക്കൽ ബൈപാസ്; ഡി.പി.ആർ മാറുന്നു; പാലത്തിന് വീതികൂടും
text_fieldsമൂവാറ്റുപുഴ: മുറിക്കൽ ബൈപാസ് നിർമാണം ലാൻഡ് സ്പാൻ മോഡലിലാക്കി പുതിയ ഡി.പി.ആർ നിലവിൽ വന്നു. പദ്ധതി ചെലവ് നിലവിൽ ഉണ്ടായിരുന്ന 54 കോടിയിൽനിന്ന് 109 കോടിയായി ഉയർത്തി കിഫ്ബി അംഗീകാരവും പദ്ധതിക്ക് ലഭിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
നിലവിൽ നിർമാണം പൂർത്തിയായി കിടക്കുന്ന മുറിക്കല്ല് പാലം വീതി കൂട്ടുന്നതിനും വളവുകളില്ലാതെ 80 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ റോഡുകളുടെ അലൈൻമെന്റുകളിൽ മാറ്റം വരുത്തിയുമുള്ള നിർമാണ പ്രവർത്തനങ്ങളുമാണ് നടത്തുക.
ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്താണ് മാറ്റം വരുത്താൻ ആവശ്യപ്പെട്ടതെന്ന് എം.എൽ.എ പറഞ്ഞു. പുതിയ മാറ്റങ്ങളോടെ ഇരട്ടിയിലധികം തുക പദ്ധതിക്കായി അനുവദിപ്പിക്കാൻ കഴിഞ്ഞതായും എം.എൽ.എ വ്യക്തമാക്കി. ഇതിനനുസരിച്ച് മുറിക്കല്ല് പാലത്തിന്റെ നിലവിലെ വീതി വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഡി.പി.ആറിലുണ്ട്. ഇതിന്റെ പഠനവും നടത്തിയിട്ടുണ്ട്.
നേരത്തേ ഉണ്ടായിരുന്ന ഡി.പി.ആർ പ്രകാരം നിർമാണ ഇടങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടുകയും അതുമൂലം വെള്ളപ്പൊക്ക സമയത്ത് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് അതിഗണ്യമായി വർധിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഇവ കണക്കിലെടുത്ത് നീരൊഴുക്കുകൾ തടസ്സപ്പെടാതെയിരിക്കാൻ വേണ്ടിയാണ് ലാൻഡ് സ്പാൻ രീതിയിലേക്ക് നിർമാണം മാറ്റിയത്. ഡി.പി.ആറിന്റെ ഭേദഗതിക്കനുസരിച്ച് നിർമാണം പൂർത്തിയാകുന്നതോടെ റോഡിലെ വളവുകൾ പരമാവധി ഇല്ലാതാകുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.