ടൗൺ റോഡ് വികസനം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
text_fieldsമൂവാറ്റുപുഴ: കാലാവധി കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന മൂവാറ്റുപുഴ നഗരറോഡ് വികസനം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നഗരവികസന ജനകീയ സമിതി ഭാരവാഹികളുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ഭീമഹരജി മുഖ്യമന്ത്രിക്ക് കൈമാറി.
ജനകീയ സമിതിക്കുവേണ്ടി പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, എസ്. മോഹൻദാസ്, പ്രമോദ്കുമാർ മംഗലത്ത്, സുർജിത് എസ്തോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് പി.സി. ജേക്കബ്, കേരള ബാങ്ക് ചെയർമാനും മുൻ എം.എൽ.എയുമായ ഗോപി കോട്ടമുറിക്കൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
90,000 ഒപ്പും 102 സംഘടനകളുടെ പിന്തുണയും ജനകീയ വികസന സമിതി ശേഖരിച്ചിരുന്നു. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അൽപം വൈകിയാണെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. ഇതോടൊപ്പം ഭൂമിയേറ്റെടുക്കൽ പൂർത്തിയായ മുറിക്കല്ല് ബൈപാസിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കുക, സാമ്പത്തികാനുമതി ലഭിച്ച് ഒന്നരവർഷം കഴിഞ്ഞും ചീഫ് എൻജിനീയറുടെ അനുമതി കാത്തിരിക്കുന്ന വള്ളക്കാലിൽ കവല-മുറിക്കല്ല് ബൈപാസിൽ സന്ധിക്കുന്ന ലിങ്ക് റോഡിന്റെ നിർമാണത്തിനുവേണ്ട തുടർനടപടി എടുക്കുക, മരവിപ്പിച്ച മൂവാറ്റുപുഴ-കൂത്താട്ടുകുളം ലിങ്ക് റോഡ് പദ്ധതി പുനരുജ്ജീവിപ്പിക്കുക, മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായി ചാലിക്കടവ് റോഡിൽനിന്ന് മൂവാറ്റുപുഴ-തൊടുപുഴ റോഡിലേക്കുള്ള ലിങ്ക് റോഡിനുള്ള അനുമതി നൽകി മൂവാറ്റുപുഴ നഗരത്തിന്റെ ഗതാഗതപ്രശ്നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്ന നിവേദനവും മുഖ്യമന്ത്രിക്ക് കൈമാറി. നഗരറോഡ് വികസനം മുടങ്ങിയതിനെത്തുടർന്ന് തുടർച്ചയായ ഗതാഗത തടസ്സവും വ്യാപാരനഷ്ടവും പതിവായതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.