ആശ്രമം ബസ് സ്റ്റാൻഡ്-കിഴക്കേക്കര റോഡിന്റെ ശോച്യാവസ്ഥ; പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ തടഞ്ഞുവെച്ചു
text_fieldsമൂവാറ്റുപുഴ: ആശ്രമം ബസ്സ്റ്റാൻഡ്-കിഴക്കേക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് എൻജിനീയറെ തടഞ്ഞുവെച്ചു.
മുൻ നഗരസഭ കൗൺസിലർമാരായ കെ.എ. സലാം, സി.എം. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11 ഓടെ ആരംഭിച്ച പ്രതിഷേധം മണിക്കൂറിനുശേഷം ഞായറാഴ്ച റോഡ് അറ്റകുറ്റപ്പണി നടത്താമെന്ന് അധികൃതരിൽനിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അവസാനിപ്പിച്ചത്.
ആശ്രമം ബസ്സ്റ്റാൻഡ്-ആയവന റോഡിലെ ആശ്രമം സ്റ്റാൻഡ് മുതൽ കിഴക്കേക്കര റേഷൻകട പടി വരെയുള്ള ഭാഗം തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി.
നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്ന വഴി കൂടിയായ ഈ റോഡിൽ ദിനേനയെന്നോണമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാത്രിയും ഇരുചക്ര വാഹന യാത്രികർ അപകടത്തിൽപെട്ടിരുന്നു. നിരവധി ചതിക്കുഴികളുള്ള റോഡിൽ പലയിടത്തും ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴ ആരംഭിച്ചതോടെ സ്ഥിതി രൂക്ഷമായി.
ഈ സാഹചര്യത്തിൽ റോഡിലെ കുഴികൾ കട്ട വിരിച്ച് നികത്തി അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എന്നാൽ, ചെറിയ ജോലിയായതിനാൽ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നിെല്ലന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
ഒടുവിൽ ഞായറാഴ്ച തന്നെ കട്ട വിരിച്ച് റോഡ് ഗതാഗതയോഗ്യമാക്കി കൊള്ളാമെന്ന് എൻജിനീയർ ഉറപ്പുനൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ എൻ.പി. ജയൻ, സുൽഫി ചാലിൽ, മുഹമ്മദ് ഷഫീക്ക്, ബിസാദ്, മൈതീൻകുട്ടി എന്നിവരും സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.