രണ്ടിടത്ത് കുടിവെള്ള പൈപ്പ് പൊട്ടി; മൂവാറ്റുപുഴയിൽ കുടിവെള്ള വിതരണം മുടങ്ങി
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ രണ്ടിടങ്ങളിൽ പ്രധാന ജലവിതരണ പൈപ്പുകൾ പൊട്ടി. നഗരത്തിലെ വടക്കൻ പ്രദേശങ്ങളായ വാഴപ്പിള്ളി, പേഴക്കാപ്പിള്ളി മേഖലകൾ ഒഴിച്ച് ബാക്കി മുഴുവൻ പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു. വാട്ടർ അതോറിറ്റി ഓഫിസിനുതാഴെ കാവുംപടി റോഡിലും കാവുങ്കര മേഖലയിലെ കീച്ചേരിപ്പടി-നിരപ്പ് റോഡിൽ സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപവുമാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് സംഭവം.
രണ്ടു പ്രധാന മേഖലകളിൽ പൈപ്പുകൾ പൊട്ടിയതാണ് 90 ശതമാനം പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. കാവുംപടി റോഡിൽ പൈപ്പ് പൊട്ടിയതുമൂലം കച്ചേരിത്താഴം, കാവുംപടി, കിഴക്കേക്കര, പി.ഒ, ആശ്രമം, നിർമല, അടൂപ്പറമ്പ്, പിറവം റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം നിലക്കാൻ കാരണമായി. നിരപ്പ് റോഡിൽ സിവിൽ സപ്ലൈസ് ഗോഡൗണിനു മുന്നിൽ കഴിഞ്ഞ രണ്ടുമാസം മുമ്പ് പൈപ്പ് പൊട്ടിയതിനു സമീപമാണ് വീണ്ടും പൊട്ടിയത്. ഇതോടെ നഗരത്തിലെ കിഴക്കൻ മേഖലയിലെ ശുദ്ധജല വിതരണം പൂർണമായും നിലച്ചു.
ജനവാസ കേന്ദ്രങ്ങളായ തർബിയത്ത് നഗർ, തർബിയത്ത് റോഡ്, കാവുങ്കര, ഫ്രഷ്കോള, കരേപുറം, പെരുമറ്റം, കക്കടാശ്ശേരി, നിരപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് കുടിവെള്ളമില്ലാതായത്. പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൊഴുകിയതോടെ അധികൃതർ പൈപ്പ് പൂട്ടി.
നഗരത്തിലെ കുടിവെള്ള പൈപ്പുകൾ പൊട്ടി കുടിവെള്ള വിതരണം താറുമാറാകാൻ തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടിട്ടും ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ നടപടി ഉണ്ടാകുന്നില്ല. ആഴ്ചയിൽ രണ്ടു തവണയെങ്കിലും പൈപ്പുകൾ പൊട്ടുന്നത് തുടരുകയാണ്. പ്രധാന വിതരണ പൈപ്പുകളാണ് പൊട്ടുന്നത്. അഞ്ച് പതിറ്റാണ്ട് മുമ്പ് പദ്ധതി തുടങ്ങുമ്പോൾ സ്ഥാപിച്ച പൈപ്പുകൾ ഒന്നും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ജോസഫ് വാഴക്കൻ എം.എൽ.എയായിരുന്ന സമയത്ത് നഗരത്തിലെ പഴയ വിതരണ പൈപ്പുകൾ മുഴുവൻ മാറ്റാൻ 17.5 കോടി രൂപയുടെ പദ്ധതി കൊണ്ടുവന്നെങ്കിലും പിന്നീട് തുടർനടപടി ഉണ്ടായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായ ഈ സമയത്ത് പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.