ആളൊഴിഞ്ഞ കെട്ടിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട്
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട്. മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ച ശേഷം നൂറുകണക്കിന് സിറിഞ്ചുകളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
മൂവാറ്റുപുഴ - തൊടുപുഴ റൂട്ടിൽ മില്ലുംപടിയിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിലാണ് മാഫിയസംഘം തമ്പടിച്ച് മയക്കുമരുന്ന് വിൽപനയും ഉപഭോഗവും നടത്തുന്നത്. തൊട്ടടുത്ത് ഒന്നും താമസക്കാരില്ലാത്തത് സംഘത്തിന് സൗകര്യമായിരിക്കുകയാണ്. നഗരത്തിലെ പ്രമുഖ കോളജിനുസമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സന്ധ്യ കഴിയുന്നതോടെയാണ് സംഘം തമ്പടിക്കുന്നത്. ഇത് പുലർച്ചവരെ തുടരും. കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെ സ്ഥിരം സന്ദർശകരാണെന്ന് നാട്ടുകാർ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഇവിടെ പരിശോധന നടത്താൻ തയാറായില്ലെന്നാണ് ആക്ഷേപം. മൂവാറ്റുപുഴയിൽ ഒട്ടേറെ ലഹരി താവളങ്ങളാണ് സമീപകാലത്ത് ഉയർന്നുവന്നിട്ടുള്ളത്. ചാലിക്കടവ് പാലവും അതിന് താഴെയുള്ള രഹസ്യസങ്കേതവും പലവട്ടം വാർത്തകളിൽ നിറയുകയും ഇവിടെ നിന്ന് ലഹരിസംഘങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവിടെ ഇപ്പോഴും ഇത് തുടരുകയാണ്. പുഴക്കടവുകളും നഗരസഭയുടെ കീഴിലുള്ള ഷോപ്പിങ് കോംപ്ലക്സുകളുടെ മുകൾഭാഗവും ലഹരി മരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ്. ഇവിടെയെല്ലാം സിറിഞ്ചുകൾ കുട്ടിയിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.