തോട്ടാഞ്ചേരിയിലെ ലഹരി മാഫിയക്കെതിരെ അമ്മമാർ
text_fieldsമൂവാറ്റുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിൽപനക്കുമെതിരെ തോട്ടാഞ്ചേരി പ്രദേശത്തെ അമ്മമാരുടെ നിവേദനം. ആയവന പഞ്ചായത്തിലെ തോട്ടാഞ്ചേരിയിലെ മുന്നൂറോളം അമ്മമാരാണ് തങ്ങൾ ഭീതിയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നതെന്ന് കാണിച്ച് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ മുഖേന മന്ത്രിക്ക് നിവേദനം നൽകിയത്. നിവേദനം തിങ്കളാഴ്ച എക്സൈസ് മന്ത്രി എം.ബി. രാജേഷിന് സമർപ്പിച്ചു.
ലഹരി മാഫിയയുമായി ബന്ധപ്പെട്ട സാധാരണ വിഷയമായി ഇതിനെ കാണരുതെന്ന് നിവേദനത്തിനൊപ്പം നൽകിയ കത്തിൽ എം.എൽ.എ ചൂണ്ടിക്കാട്ടി. തോട്ടാഞ്ചേരി പ്രദേശത്തെ യുവാക്കളടക്കമുള്ളവർ ലഹരിക്കും ലഹരി മാഫിയക്കും അടിപ്പെടുന്നതും പൈശാചികമായ ആക്രമണങ്ങളിൽ ഏർപ്പെടുന്നതും പതിവായതോടെയാണ് അമ്മമാർ ജനപ്രതിനിധിയെന്ന നിലയിൽ എം.എൽ.എയെ സമീപിച്ചത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെ ബാറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ തോട്ടാഞ്ചേരി പ്രദേശത്തെ ഏതാനും യുവാക്കൾ പ്രതികളായിരുന്നു. ഇവിടെ വ്യാപകമായ ലഹരി ഉപയോഗവും വിൽപനയും നടക്കുന്നതായി നിവേദനത്തിൽ ഒപ്പിട്ട അമ്മമാർ പറഞ്ഞു.
ലഹരി ഉപയോഗം മൂലമുള്ള ആക്രമണങ്ങൾ നിസ്സഹായതയോടെ കാണേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ പരിഹാരനടപടികൾ ആവശ്യപ്പെട്ട് എം.എൽ.എയെ സമീപിച്ചത്. അമ്മമാർക്കും അവരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും ഏതുനിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതി കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് എം.എൽ.എ പറഞ്ഞു. ലഹരി വിൽപനയെ എതിർക്കുന്നവർക്കും വധഭീഷണിയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ലഹരിമാഫിയയുടെ ആക്രമണത്തിൽ യുവാവിന്റെ ജീവൻ നഷ്ടപ്പെട്ടു. മാത്രമല്ല, ഇവർ സ്കൂൾ കുട്ടികളെയും കോളജ് വിദ്യാർഥികളെയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനും വിധേയരാക്കുകയാണ്. ഈ വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.