ആർക്കും പ്രയോജനമില്ലാതെ ഇ.ഇ.സി മാർക്കറ്റ്
text_fieldsമൂവാറ്റുപുഴ: മധ്യകേരളത്തിലെ കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യംവെച്ച് മൂന്നു പതിറ്റാണ്ടുമുമ്പ് യൂറോപ്യൻ സാമ്പത്തിക സാമൂഹത്തിന്റ സഹകരണത്തോടെ കൊണ്ടുവന്ന കാർഷിക മാർക്കറ്റ് (ഇ.ഇ.സി മാർക്കറ്റ്) തുടങ്ങിയിടത്തുതന്നെ. ഓരോ വർഷവും വൻ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും കാർഷിക മേഖലയുടെ വികസനത്തിനായി ഒന്നുമില്ല.
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെയും ഇടുക്കി ജില്ലയിലെയും കാർഷിക മേഖലയുടെ ഉന്നമനത്തിനായി 1995ൽ സ്ഥാപിച്ചതാണ് കാർഷിക മാർക്കറ്റ്. ആഴ്ചയിലൊരിക്കൽ നടക്കുന്ന സ്വതന്ത്ര കാർഷിക വിപണിയുടെ പ്രവർത്തനങ്ങൾ ഒഴിച്ചാൽ മറ്റൊന്നും കാര്യമായി നടക്കുന്നില്ല. ചൊവ്വാഴ്ചതോറും നടക്കുന്ന വിപണിയിൽ കുറച്ച് കർഷകർ മാത്രമാണ് ഇവിടെ കാർഷിക ഉൽപന്നങ്ങളുമായി എത്തുന്നത്. ഉൽപന്നങ്ങൾ വാങ്ങാൻ വ്യാപാരികൾ എത്താത്തതിനാൽ അർഹമായ വിലയും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
മാർക്കറ്റിന്റെ നവീകരണം ലക്ഷ്യംവെച്ച് മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നു ഉന്നതതലയോഗങ്ങൾ നടന്നെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ വെയർഹൗസ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനമാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
ഇ.ഇ.സി മാർക്കറ്റിൽ ഒട്ടേറെ കെട്ടിടങ്ങൾ ഉപയോഗിക്കാനാകാതെ കിടക്കുമ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് വെയർഹൗസ് നിർമിച്ചത്. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച മാർക്കറ്റിലെ കൂറ്റൻ ശീതീകരണ സംവിധാനങ്ങൾ ആർക്കും പ്രയോജനപ്പെടാതെ നശിക്കുകയാണ്. അഞ്ചു കൂറ്റൻ ശീതീകരണ സംവിധാനങ്ങളിൽ ഒന്നുപോലും ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
കർഷകരുടെ ഉൽപന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും സൗകര്യമൊരുക്കുകയായിരുന്നു ശീതീകരണ സംവിധാനത്തിന്റെ ലക്ഷ്യം. കൊട്ടിഗ്ഘോഷിച്ച് കൊണ്ടുവന്ന സ്മാർട് മാർക്കറ്റ് ആക്കാനുള്ള പദ്ധതിയും നടപ്പായില്ല.
വൈദ്യുതി തടസ്സം ഒഴിവാക്കാൻ സോളർ സംവിധാനം, കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനു യോഗ്യമാണോ എന്നു പരിശോധിക്കാൻ ലാബ് സൗകര്യം, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും യന്ത്രങ്ങളും സജ്ജമാക്കൽ എന്നിവ ഉൾപ്പെടുന്ന സ്മാർട്ട് മാർക്കറ്റ് പദ്ധതി പരിഗണിക്കാൻ പോലും തയാറായില്ല.
മാർക്കറ്റിൽ 50 ലക്ഷം രൂപയോളം ചെലവഴിച്ചു സൗകര്യം ഒരുക്കിയ ഇ-നാം പദ്ധതിയുടെ പ്രവർത്തനവും നടക്കുന്നില്ല. നിലവിൽ 480 കർഷകർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവർക്കൊന്നും പദ്ധതിയുടെ ഗുണഫലം ലഭിച്ചിട്ടില്ല.
കാർഷിക വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് കർഷകർക്ക് ഉൽപന്നങ്ങൾ നേരിട്ട് വിൽപന നടത്താൻ കഴിയുന്ന ഓൺലൈൻ കാർഷിക വിപണിയാണ് ഇ-നാം. 50 ലക്ഷം രൂപ ചെലവഴിച്ചു സൗകര്യം ഒരുക്കിയതായി പറയുന്നുണ്ടെങ്കിലും പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. പ്രാദേശിക ചന്തകളെ ദേശീയ തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കൂട്ടിയിണക്കാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.