മൂവാറ്റുപുഴയിൽ വയോജന കേന്ദ്രം
text_fieldsമൂവാറ്റുപുഴ: മുതിർന്ന പൗരന്മാർക്കായി മൂവാറ്റുപുഴ നഗരസഭയിൽ വയോജന സൗഹാർദ വിജ്ഞാന കേന്ദ്രം നിർമിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു.
എം . എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് പദ്ധതിക്കായി പണം അനുവദിച്ചു. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായിട്ടുണ്ട്.
99.90 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. ആനന്ദപ്രദമായ വാർധക്യം എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാന ഘടകം.
നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രായമായവർക്ക് ഒത്തുചേരാനും മാനസികമായ ഉല്ലാസത്തിനുമുള്ള ഇടം എന്നതാണ് വയോജന സൗഹാർദ വിജ്ഞാന കേന്ദ്രം കൊണ്ട്ലക്ഷ്യമിടുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടമായി നിർമിക്കുന്ന കെട്ടിടത്തിനാണ് ഇപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. ലതാ പാർക്കിന് സമീപം പതിനാലാം വാർഡിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തി നൽകിയിട്ടുള്ളത്.
4300 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുക. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഭിന്നശേഷി സൗഹാർദമായ കെട്ടിടമാണ് വിഭാവനം ചെയ്തത്. കെട്ടിടത്തിന്റെ താഴെ പാർക്കിങ് സൗകര്യം ഉണ്ടാകും. ആദ്യ നിലയിൽ അടുക്കള, ഭക്ഷണ ഹാൾ, വിശ്രമ മുറികൾ, ശുചിമുറികൾ, ലൈബ്രറി എന്നിവ ഉണ്ടാകും.
ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കും. ഒരു വർഷത്തിനുള്ളിൽ തന്നെ പദ്ധതി പൂർത്തീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.