മൂവാറ്റുപുഴ മേഖലയിൽ പനി പടരുന്നു
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ പകർച്ചപനി അടക്കം പടർന്നു പിടിക്കുന്നു. ഡെങ്കിപനിയും വ്യാപകമായി. പനി ബാധിച്ച് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇതാണ് സ്ഥിതി.
നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ തിരക്കാണ്. ജനറൽ ആശുപത്രിയിൽ നിത്യേന ഇരുന്നൂറിൽ അധികം പേരാണു പനിക്കു ചികിത്സ തേടി എത്തുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്.
ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പം ഉണ്ടാകും. കഫക്കെട്ടും ശരീര വേദനയും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായാണു പനി ബാധിച്ചവർ പറയുന്നു. കടുത്ത ക്ഷീണവും ഉണ്ടാകും.
സീസണൽ ഇൻഫ്ലുവൻസയാണു ഇപ്പോൾ പടർന്നു പിടിക്കുന്നതെന്നാണു ഡോക്ടർമാർ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സക്കെത്തിയവരിൽ കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. കോവിഡ് ലക്ഷണവുമായി എത്തുന്നവരോട് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും തയാറാകുന്നില്ലന്നു ഡോക്ടർമാർ പറയുന്നു.
ഇതുമൂലം കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് എടുക്കാനാകുന്നില്ലന്നും ഡോക്ടർമാർ പറഞ്ഞു. ഇങ്ങിനെയുള്ളവർക്ക് ആൻറിവൈറൽ ടാബ്ലെറ്റ് കൂടി നൽകുകയാണ് ചെയ്യുന്നത്. പുതിയ സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ഇറങ്ങുന്നവർ മാസ്ക് വയ്ക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.