ഒടുവിൽ നഗരസഭ ഉണർന്നു; സക്കീർ ഹുസൈൻ നഗറിലെ മാലിന്യമല നീക്കി
text_fieldsമൂവാറ്റുപുഴ: ഒടുവിൽ നഗരസഭ കണ്ണു തുറന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കിയ സക്കീർ ഹുസൈൻ നഗർ റോഡിലെ മാലിന്യകൂമ്പാരം നീക്കം ചെയ്തു. സ്ഥലം അടച്ചു കെട്ടി ബോർഡും സ്ഥാപിച്ചു.
നഗരമധ്യത്തിൽ നഗരസഭയുടെ കീഴിൽ സ്ഥിതിചെയ്യുന്ന അഞ്ച് സെന്റ് സ്ഥലത്തെ മാലിന്യകൂമ്പാരം പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ‘മാധ്യമം’ തിങ്കളാഴ്ച വാർത്ത നൽകിയതിനു പിന്നാലെയാണ് മാലിന്യമല നഗരസഭ ജീവനക്കാർ നീക്കം ചെയ്തത്. മൂന്നു ദിവസം പ്രയത്നിച്ചാണ് ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കിയത്. തുടർന്ന് സ്ഥലം മറച്ചു കെട്ടി മാലിന്യം തള്ളരുതെന്ന ബോർഡും സ്ഥാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടെ കുന്നു കൂടിയിരുന്നത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന പൊതു കക്കൂസ് പൊളിച്ചു നീക്കിയിരുന്നു. ഇതോടെ മാലിന്യം തള്ളുന്ന ഇടമായി മാറുകയായിരുന്നു. ഈ സ്ഥലത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സ് പണിയാൻ തീരുമാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടി ഉണ്ടായില്ല. മാലിന്യം കുന്നു കൂടിയതോടെ മഴ പെയ്യുമ്പോൾ ഇവ സമീപത്തു കൂടി കടന്നുപോകുന്ന കീഴ്ക്കാവിൽ തോട് വഴി പുഴയിലേക്കാണ് എത്തിച്ചേരുന്നത്.
ഓരോ ദിവസവും ഇവിടെ തള്ളുന്ന പ്ലാസ്റ്റിക് കൂടുകളിൽ പകുതിയും പുഴയിലേക്ക് എത്തുകയായിരുന്നു. ഇതിനു പുറമെ ദുർഗന്ധവും ഈച്ചയും കൊതുകും വർധിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഇവിടെ നിന്നും 2018 ലെ മഹാ പ്രളയത്തിനു ശേഷം ഭൂരിപക്ഷം നാട്ടുകാരും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറിയിരുന്നു.
ഇതിനു ശേഷം അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ അധികവും താമസിക്കുന്നത്. ഇവിടെ നഗരസഭ ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പറഞ്ഞു. ഇനിയും മാലിന്യം തള്ളിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.