ഒടുവിൽ ചന്തക്കടവിലെ കാടുകൾ വെട്ടിത്തെളിച്ചു
text_fieldsമൂവാറ്റുപുഴ: ഒടുവിൽ നഗരത്തിലെ ചരിത്ര പ്രസിദ്ധമായ ചന്തക്കടവിലെ കാടുകൾ വെട്ടിത്തെളിച്ച് നഗരസഭ. ഒരു കാലത്ത് മൂവാറ്റുപുഴ നഗരത്തിലെ വാണിജ്യ കേന്ദ്രമായിരുന്ന ചന്തക്കടവ് കാടുകയറി നശിക്കുന്നുവെന്ന ‘മാധ്യമം’ വാർത്തയെത്തുടർന്നാണ് കടവിലെ കാടുകൾ വെട്ടിത്തെളിച്ചത് . മൂന്നുദിവസം തുടർച്ചയായി നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്താണ് കാടുവെട്ടി നീക്കിയത്. അടുത്ത ദിവസങ്ങളിൽ കടവിലെ ചെളിവാരി നീക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കൂടിയായ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം. അബ്ദുൽ സലാം പറഞ്ഞു.
അഞ്ച് പതിറ്റാണ്ട് മുമ്പുവരെ നഗരത്തിലെ പ്രധാന ചരക്ക് കയറ്റിറക്ക് കേന്ദ്രമായിരുന്നു ചന്തക്കടവ്. കിഴക്കൻ മലകളിൽ നിന്നടക്കം എത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ അന്നത്തെ തുറമുഖ പട്ടണമായ ആലപ്പുഴയിലേക്ക് കൊണ്ടുപോയിരുന്നത് ചന്തക്കടവിൽ നിന്നാണ്. ചങ്ങാടങ്ങളും തൊഴിലാളികളും ചുമട്ടുകാരും വ്യാപാരികളും ചായക്കച്ചവടക്കാരുമടക്കമുള്ളവരുടെ തിരക്കും ബഹളവും നിറഞ്ഞുനിന്ന കടവ് ചരിത്രസ്മാരകമായി സംരക്ഷിക്കുമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പെ നഗരഭരണാധികാരികൾ പ്രഖ്യാപിച്ചിരുെന്നങ്കിലും ഒന്നും നടന്നില്ല. മണൽ പുറമുണ്ടായിരുന്നിടത്ത് കാടുകയറി ചളിയും മണ്ണും അടിഞ്ഞ് നശിച്ച നിലയിലായിരുന്നു. ചരക്കിറക്കില്ലെങ്കിലും ഇന്നും നഗരത്തിലെ പ്രധാന കടത്ത് കടവാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.