സൗഹൃദക്കൂട്ടം പറയുന്നു; വേണ്ടത് വർഗീയതയും ഭിന്നിപ്പുമല്ല
text_fieldsമൂവാറ്റുപുഴ: ആകാശത്തിന് കീഴെയുള്ള എല്ലാ വിഷയങ്ങളും ചർച്ചയാകുന്ന ഇവിടെ തെരഞ്ഞെടുപ്പ് കാലമായാൽ ചർച്ചയുടെ ഗതിതന്നെ മാറും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ റമദാൻ എത്തിയതിനാൽ ഒരു മാസം ചർച്ചക്ക് ബ്രേക്കായിരുന്നു.
നോമ്പ് കഴിഞ്ഞ് പിറ്റേന്ന് മുതൽ പൂർവാധികം ശക്തിയോടെ ചർച്ച തുടരുകയാണ്. ഇത് മൂവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡിന് മുന്നിലെ പത്തംഗ സൗഹൃദ കൂട്ടായ്മ. സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പിന് മുന്നിൽ രാവിലെ ആറു മുതൽ എട്ട്ു വരെയുള്ള സംഗമം.
വ്യാപാരികൾ മുതൽ ഇലക്ട്രീഷ്യൻ വരെ കൂട്ടായ്മയിലെ എല്ലാവരും രാഷ്ട്രീയ പ്രബുദ്ധരാണ്. തൊട്ടടുത്ത അജിയുടെ ടീഷോപ്പിൽനിന്ന് എത്തിയ ചുട്ചായ ഊതിക്കുടിക്കുന്നതിനിടെ ഇന്നലത്തെ ചർച്ചക്ക് തുടക്കമിട്ടത് എൽ.ഡി.എഫ് അനുഭാവിയായ ഷാജിയാണ്.
ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം ഇത്തവണ ചീറ്റിപ്പോകുമെന്ന നിലപാടിലാണ് ഷാജി. വൈകിയാണ് രൂപവത്കരിച്ചതെങ്കിലും ഇത്തവണ ഇൻഡ്യ മുന്നണി കേന്ദ്ര ഭരണം പിടിക്കാൻ സാധ്യതയുണ്ടെന്നും ഷാജി തുടർന്നു. ഇതിനെ പിന്തുണച്ച് അനിമോനും ഷുക്കൂറും എത്തിയതോടെ ചർച്ച കൊഴുത്തു.
രാഹുൽ ഗാന്ധി വടക്കേ ഇൻഡ്യയിൽ എവിടെയെങ്കിലും മത്സരിച്ചാൽ മതിയായിരുന്നെന്ന് അനിമോൻ. എന്നാൽ, രാഹുൽ ഇവിടെ മത്സരിക്കുന്നത് യു.ഡി.എഫിന് നേട്ടമാകുമെന്ന് നിസാറും പറഞ്ഞു. ‘നിലവിലെ സാഹചര്യത്തിൽ ഇവിടെ ആരു ജയിച്ചാലും ഇൻഡ്യാ മുന്നണിയുടെ ഭാഗമാകും. വടക്കേ ഇന്ത്യയിൽ എൻ.ഡി.എയും ഇൻഡ്യ മുന്നണിയും നേർക്ക് നേർ മത്സരമാണ്. അവിടെയാണ് രാഹുലിനെപോലുള്ള ദേശീയ നേതാവ് മത്സരിക്കേണ്ടത്’-ഷാജി വിശദീകരിച്ചു.
ഇവിടെനിന്നു ജയിപ്പിച്ചുവിട്ട അംഗങ്ങൾ പലരും സി.എ.എ അടക്കം വിഷയങ്ങളിൽ കാര്യമായ ഇടപെട്ടില്ലന്ന ആരോപണവുമായി പി.എസ്. ഷുക്കൂർ ചർച്ചക്ക് മൂർച്ച കൂട്ടി. എന്നാൽ, ശക്തമായ നിലപാടാണ് ഇടുക്കി എം.പി അടക്കം സ്വീകരിച്ചതെന്ന് കെ.എം. ഷുക്കൂറിന്റെ മറുപടി. ‘ഇൻഡ്യ മുന്നണി അധികാരത്തിലെത്തണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. പത്തു വർഷത്തെ എൻ.ഡി.എ ഭരണം രാജ്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചു. ജനങ്ങളെ വിഭജിച്ചു.
വിലക്കയറ്റവും , തൊഴിലില്ലായ്മയും പെരുകി...’ ചർച്ച മുറുകുകയാണ്. പി.എം. അയ്യൂബും, അമീറും ഇബ്രാഹിംകുട്ടിയും കൂടുതൽ സജീവമായി. ഇവിടെ വേണ്ടത് വർഗീയതയും ഭിന്നിപ്പുമല്ല. യോജിപ്പും ഒറ്റക്കെട്ടായി നിൽക്കാനുള്ള മനസ്സുമാണ്. കേരളത്തിൽ അതുണ്ട്. ഒരു ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചതുകൊണ്ട് ജനങ്ങളെ തമ്മിൽ അകറ്റാനാവില്ല. ആര് ജയിച്ചാലും ഇതിനൊക്കെ മാറ്റംവന്നേ തീരു.
അടുത്ത ചായയുമായി അജി എത്തി. ഇതിനിടെ, ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതായി അനിമോൻ പറഞ്ഞു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിൽ അടക്കം ഇൻഡ്യ മുന്നണി വിജയിക്കുമെന്ന് ഷുക്കൂറും നിസാറും. അപ്പോഴേക്കും സമയം ഏഴര കഴിഞ്ഞു. തിരക്കുള്ളവർ പലരും പോകാനൊരുങ്ങി. ബാക്കി ചർച്ച നാളെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.