ആയവന ഒന്നാം വാർഡ്: ആക്രി വ്യാപാരത്തിന്റെ മറവിൽ വൻ മാലിന്യ നിക്ഷേപം
text_fieldsമൂവാറ്റുപുഴ: ജനവാസ മേഖലയിലെ മാലിന്യകേന്ദ്രം ജീവിതം ദുസ്സഹമാക്കുന്നു. ആയവന ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് മാലിന്യകേന്ദ്രം പ്രവർത്തിക്കുന്നത്. 45 സെന്റ് സ്ഥലത്താണ് പ്രവർത്തനം. ആക്രി വ്യാപാരത്തിന്റെ മറവിലാണ് ടൺ കണക്കിന് മാലിന്യം ചാക്കിൽകെട്ടി തള്ളിയിരിക്കുന്നത്. മാസ്കുകൾ, കൈയുറകൾ, പി.പി.ഇ കിറ്റ്, ഇലക്ട്രിക് മാലിന്യം, ഉപയോഗശൂന്യമായ മുളകുപൊടി, മല്ലിപ്പൊടി, മറ്റ് ഭക്ഷ്യവസ്തുക്കൾ, കാറ്ററിങ് അവശിഷ്ടങ്ങൾ, ഇരുമ്പ് മാലിന്യം, പേപ്പർ തുടങ്ങിയവ നിയന്ത്രണമില്ലാതെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. തുടക്കത്തിൽ ആക്രി വ്യാപാരത്തിനുവേണ്ടിയാണ് സ്ഥലം ഏറ്റെടുത്തിരുന്നത്. പിന്നീട് മാലിന്യം തള്ളുകയായിരുന്നു.
സമീപത്തുകൂടെ ഒഴുകുന്ന കോതമംഗലം പുഴയിലെ വേങ്ങാത്തണ്ട് കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്കാണ് മഴയെത്തുമ്പോൾ മാലിന്യം ഒലിച്ചിറങ്ങുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളത്തെ ആശ്രയിക്കുന്നത്. കനത്ത വെയിലിൽ പ്ലാസ്റ്റിക്കും മറ്റും ഉരുകി സമീപവാസികൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമെ ദുർഗന്ധവും വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളും കാക്കകളും മറ്റും ഈ അവശിഷ്ടങ്ങൾ കൊത്തിവലിക്കുന്നതും കുടിവെള്ള സ്രോതസ്സുകളിൽ നിക്ഷേപിക്കുന്നതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
വലിയ കറിപൗഡർ കമ്പനികളിൽനിന്നുള്ള കാലാവധി കഴിഞ്ഞ കറിപൗഡറുകളും മറ്റും ചാക്കുകളിൽ തള്ളിയിരിക്കുകയാണ്. കാറ്റടിക്കുമ്പോൾ ഇത് സമീപവാസികളുടെ വീടുകളിലേക്ക് പറന്നെത്തുന്നു. വലിയ ആരോഗ്യ പ്രശ്നങ്ങളും ദുർഗന്ധവുമുണ്ടാക്കുന്നുണ്ട്. നിരവധി തവണ സ്ഥാപന ഉടമയോട് പരാതിപ്പെട്ടെങ്കിലും മാലിന്യനിക്ഷേപം തുടരുകയാണ്. ഇലക്ട്രിക് മാലിന്യം ഉൾപ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കുന്നതും വലിയ ദുരിതമാണ് നാട്ടുകാർക്ക് ഉണ്ടാക്കുന്നത്. ഇലക്ട്രിക് ലൈനുകൾക്ക് താഴെ നിയന്ത്രണമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആയവന പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിൽ ആക്രിസാധനങ്ങൾ കൂട്ടിയിടുന്നത് വലിയ ദുരിതമുണ്ടാക്കുന്നുണ്ട്. കനത്ത വേനലിൽ അഗ്നിബാധ ഉണ്ടായാൽ വൻ ദുരന്തമായിരിക്കും പ്രദേശത്ത് സംഭവിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.