മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളൽ; മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളിയ മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ. നഗരത്തിലെ എവറസ്റ്റ് ജങ്ഷനിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽനിന്നാണ് ചാക്കിൽ ശേഖരിച്ച മാലിന്യം കച്ചേരിത്താഴം പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളിയത്. സംഭവം സമീപത്തുള്ള നഗരസഭ ഓഫിസിലുണ്ടായവരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം പൊലീസിൽ അറിയിച്ചു.
സ്ഥലത്ത് എത്തിയ പൊലീസ് സംഘം മാലിന്യം തള്ളിയ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എവറസ്റ്റ് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ മാലിന്യമാണെന്ന് കണ്ടെത്തിയത്.
ആക്രി പെറുക്കി ജീവിക്കുന്ന മൂന്ന് പേർക്ക് എവിടെയെങ്കിലും തള്ളാൻ നിർദേശം നൽകി ഹോട്ടൽ ഉടമകളാണ് മാലിന്യം കൈമാറിയത്. ഇവരാകട്ടെ അത് പുഴയിൽ തള്ളി.
സംഭവത്തെ തുടർന്ന് ഈ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച് വന്ന ഒരു ഹോട്ടൽ അടച്ചുപൂട്ടി. വൃത്തിഹീനമായ രണ്ട് ഹോട്ടലിന് നോട്ടീസ് നൽകി. ഓരോ ഹോട്ടലിൽനിന്നും 5000 രൂപ വീതം പിഴയീടാക്കി. മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം നഗരത്തിൽ കഴിഞ്ഞയാഴ്ച ജന പങ്കാളിത്തതോടെ ശുചീകരണം സംഘടിപ്പിച്ചിരുന്നു.
പുഴയിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡ് വക്കുകളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് മാലിന്യം പുഴയിൽ തള്ളിയത്. ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദുചെയ്യുമെന്ന് നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.