നഗരസഭക്ക് നിസ്സംഗത; മണ്ണാൻകടവ് തോട്ടിലെ മാലിന്യം ദുരിതം വിതയ്ക്കുന്നു
text_fieldsമൂവാറ്റുപുഴ: ജനവാസകേന്ദ്രത്തിലൂടെ ഒഴുകുന്ന മണ്ണാൻകടവ് തോട്ടിലെ മാലിന്യ പ്രശ്നം രൂക്ഷമായതോടെ വീടുകളിൽ താമസിക്കാനാകാതെ പേട്ട നിവാസികൾ. വേനൽ കനത്ത് മലിനജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മാലിന്യം തോട്ടിൽ കെട്ടിക്കിടക്കുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണം. അസഹ്യമായ ദുർഗന്ധവും ഈച്ചയും കൊതുകും പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കി.
പ്രതിഷേധത്തെ തുടർന്ന് രണ്ടുമാസം മുമ്പ് തോട്ടിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ സർവകക്ഷി യോഗം വിളിക്കുമെന്ന നഗരസഭ അധികൃതരുടെ വാഗ്ദാനം നടപ്പായിട്ടില്ല. അറുപതോളം വരുന്ന കുടുംബങ്ങളെ ദുരിതത്തിൽനിന്ന് കരകയറ്റാനുള്ള നടപടിയും ആരംഭിച്ചില്ല. വേനൽ കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശവാസികൾ. ഇരുന്നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരത്തിലെ ജനവാസ കേന്ദ്രമായ പേട്ടക്ക് നടുവിലൂടെ ഒഴുകി പുഴയിലെത്തുന്ന മണ്ണാൻകടവ് തോട്ടിലേക്ക് ശുചിമുറി മാലിന്യമടക്കം ഒഴുക്കുന്നതാണ് ദുരിതം വിതക്കുന്നത്.
കെ.എസ്.ആർ.ടി.സി പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഓട മൂവാറ്റുപുഴയാറ്റിലെ മണ്ണാൻകടവിൽ പുഴയിലാണ് എത്തിച്ചേരുന്നത്. കാന തോടിനോട് ചേരുന്ന ഭാഗം മുതൽ തോട്ടിലെ വെള്ളം കറുത്ത നിറത്തിലാണ് ഒഴുകി പുഴയോട് ചേരുന്നത്. കഴിഞ്ഞ ദിസങ്ങളിൽ തോട്ടിലേക്ക് കണക്കില്ലാത്ത രീതിയിലാണ് മാലിന്യം ഒഴുകിയെത്തിയത്. അസഹ്യമായ ദുർഗന്ധത്തോടെ മാലിന്യം ഒഴുകിയെത്തിയതോടെ സമീപത്തെ പല വീട്ടുകാർക്കും ശാരീരികാസ്വസ്ഥതകളുണ്ടായി. തോടിന് സമീപമുള്ള വീടുകളിൽ ഭക്ഷണം പാചകം ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. അധികൃതർ ഇതിനെതിരെ കണ്ണടക്കുന്നത് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ഇവർ നടപടിയെടുക്കുന്നില്ല. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നിന്നടക്കം സ്വകാര്യ സ്ഥാപനത്തിൽനിന്ന് മാലിന്യം തുറന്നുവിടുന്നതാണ് തോട് മലിനമാകാൻ മുഖ്യകാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തോട്ടിലൂടെയെത്തുന്ന മാലിന്യം മൂവാറ്റുപുഴ കുടിവെള്ള ശുദ്ധീകരണ ശാലയുടെ ക്യാച്ച്മെന്റ് ഏരിയയുടെ 200 മീറ്റർ അടുത്താണ് വന്നുപതിക്കുന്നത്. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് ഇനിയും പരിഹാരമില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നിട്ടിറങ്ങാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.