മൂവാറ്റുപുഴ നഗരമധ്യത്തിൽ മാലിന്യ തടാകം; മലിനജലം തടയാൻ ശ്രമം തുടങ്ങി
text_fieldsമൂവാറ്റുപുഴ: മാലിന്യം ഒഴുകി എത്തി കെട്ടി കിടക്കുന്ന നഗരമധ്യത്തിലെ മാലിന്യ തടാകത്തിലേക്ക് മലിനജലം എത്തുന്നത് തടയാൻ നഗരസഭ നീക്കം ആരംഭിച്ചു. നഗരത്തിലെ മുനിസിപ്പൽ സ്റ്റേഡിയത്തിനും ആധുനിക മത്സ്യ മാർക്കറ്റിനും സമീപം ടൗൺ യു.പി. സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഏക്കർ കണക്കിന് ചതുപ്പിലാണ് മാലിന്യ തടാകം രൂപപെട്ടത്.
വെള്ളൂർക്കുന്നം മേഖലയിലെ ഓടകളിൽ നിന്നുള്ള മാലിന്യം മുഴുവൻ ഒഴുകിയെത്തുന്നത് ഇവിടെയാണ്. മഴ കൂടിയായതോടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഓട മാലിന്യം ഒഴുകിയെത്തി രൂപപ്പെട്ട വൻ തടാകം സമീപവാസികൾക്ക് ദുരിതമായിട്ട് നാളുകളായി. അസഹ്യമായ ദുർഗന്ധവും ഈച്ചയും കൊതുകും പെരുകിയതോടെ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ ഇവിടെ പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്നു മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും എത്തുന്ന ശുചിമുറി മാലിന്യം അടക്കം ഇവിടെ എത്തുന്നതായി കണ്ടെത്തി.
ടാങ്കുകളിൽ ശേഖരിക്കുന്ന മലിന ജലം രാത്രി ഓടയിലേക്ക് തുറന്നു വിടുകയാണ് എന്ന പരാതിയും ഉയർന്നിരുന്നു. ഇതേ തുടർന്നാണു ചൊവ്വാഴ്ച കാനകൾ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. കാനയിലേക്ക് തുറന്നിട്ടുള്ള ശുചിമുറി മാലിന്യ കുഴലുകൾ നീക്കം ചെയ്യുകയും സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ടൗൺ യു.പി. സ്കൂളിൽ വിദ്യാർഥികൾ കൊതുകു കടിയേറ്റാണ് കഴിയുന്നത്. ഇതിനു പുറമെ ഇതിനു സമീപത്തെ സ്വകാര്യ ആശുപത്രിയും ദുരിതം പേറുകയാണ്. വെള്ളൂർക്കുന്നത്തു നിന്നുള്ള ഓട സ്റ്റേഡിയത്തിനു സമീപം കീഴ് കാവിൽ തോട്ടിലാണ് എത്തുന്നത്.
എന്നാൽ 2018 ലെ പ്രളയത്തെ തുടർന്ന് ഓടയുടെ ഒരു ഭാഗം മണ്ണ് വന്ന് അടഞ്ഞതോടെയാണ് ഗതി മാറി ഒഴുകി വൻ മാലിന്യക്കുഴി രൂപപ്പെട്ടത്. കാനകൾ തുറന്നു പരിശോധിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പറഞ്ഞു.
നഗരത്തിലെ മുഴുവൻ ഓടകളും പുഴയിലേക്ക്
മൂവാറ്റുപുഴ: നഗരത്തിലെ മുഴുവൻ ഓടകളും ഒഴുകി എത്തുന്നത് മൂവാറ്റുപുഴ ആറിലാണ്. വ്യാപാര കേന്ദ്രമായ കാവുംകര, വെള്ളൂർക്കുന്നം, കച്ചേരിത്താഴം, പി.ഒ ജങ്ഷൻ, 130 കവല, കാവുംപടി റോഡ് തുടങ്ങിയ മേഖലകളിലെ ഓടകൾ മുഴുവൻ തുറന്നുവെച്ചത് പുഴയിലേക്കാണ്.
സംസ്ഥാനത്തെ ആദ്യ നഗരസഭകളിൽ ഒന്നായ മുവാറ്റുപുഴയിൽ അറുപതുകളിൽ പണിതതാണ് ഓടകളിൽ ഭൂരിഭാഗവും. അന്ന് വലിയ ആസൂത്രണം ഇല്ലാതെ പണി തീർത്ത ഓടകളിലൂടെ മഴവെള്ളം മാത്രമെ പുഴയിലേക്ക് എത്തിയിരുന്നുള്ളു. കാലം മാറി നഗരം വികസിച്ചതോടെ വലിയ വ്യാപാര സമുച്ചയങ്ങളിൽ നിന്നടക്കം ശുചിമുറി മാലിന്യം മുതൽ ആശുപത്രി മാലിന്യം വരെ കാനകൾ വഴി പുഴയിലേക്ക് ഒഴുക്കാൻ തുടങ്ങി.
ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയരുമ്പോൾ പരിശോധന പ്രഹസനം നടത്താറുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടാകാറില്ല. കഴിഞ്ഞ വർഷം പതിനാറാം വാർഡിലെ ജനവാസ കേന്ദ്രത്തിലൂടെ ഒഴുകി എത്തി പുഴയിൽ പതിക്കുന്ന മണ്ണാൻകടവ് തോട്ടിലേക്ക് മാലിന്യം എത്തുന്ന ഓടയുടെ സ്ലാബുകൾ നീക്കി പരിശോധിച്ചെങ്കിലും ഉന്നത ഇടപെടലുകളെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള മാലിന്യം ഓടയിലൂടെ മണ്ണാർ തോട്ടിൽ എത്തി പുഴയിൽ പതിക്കുന്നു. ജനവാസ കേന്ദ്രമായ പേട്ടയിലൂടെ കടന്നു പോകുന്ന മണ്ണാൻതോട് ദുരിതമായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി എത്തിയതാണ് സ്ലാബ് നീക്കി പരിശോധനക്ക് വഴിവെച്ചത്.
നിരവധി സ്ഥാപനങ്ങളുടെ മാലിന്യ കുഴലുകൾ ഓടയിലേക്ക് തുറന്നത് കണ്ടെത്തുകയും അടക്കുകയും ചെയ്തു. ഇതോടെയാണ് ഉന്നതതല സമ്മർദത്തെ തുടർന്ന് ഓട പരിശോധന നിറുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.