മൂവാറ്റുപുഴ നഗരസഭയിൽ ഇനി മാലിന്യം പമ്പകടക്കും
text_fieldsമൂവാറ്റുപുഴ: നഗരസഭയിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി കൊണ്ടുവന്ന വിൻഡോ കംപോസ്റ്റിങ് പ്ലാന്റിന്റെ നിർമാണം പൂർത്തിയായി.
കുന്നംകുളം നഗരസഭ മാതൃകയിൽ മൂവാറ്റുപുഴ നഗരസഭ, മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴിയിൽ ആരംഭിച്ച പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്നതിനുള്ള പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്.
50 ലക്ഷം രൂപ ചെലവഴിച്ചാണ് സംവിധാനം ഒരുക്കുന്നത്. വളക്കുഴിയിലെ അശാസ്ത്രീയമാലിന്യ സംസ്കരണ രീതിയും ഇടക്കിടെ തീപിടിത്തം ഉണ്ടാകുന്നതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ഭരണസമിതി നേതൃത്വത്തിൽ ഇതിന്‍റെ ഭാഗമായി കൗൺസിലർമാർ, കുന്നംകുളം നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിച്ചിരുന്നു. മൂവാറ്റുപുഴക്ക് അനുയോജ്യമായതിനാൽ പദ്ധതി നടപ്പാക്കാൻ കൗൺസിൽ തീരുമാനിക്കുകയും ചെയ്തിരുന്നു.
വിൻഡോ കംപോസ്റ്റിങ് രീതിയിലൂടെ സംസ്കരിക്കുന്ന മാലിന്യം പൊടിച്ച് ഇനോകുലം ചേർത്ത് വീണ്ടും സംസ്കരിച്ചെടുത്താണ് വളം നിർമിക്കുന്നത്. സംസ്കരണ പ്ലാന്റിന് ഗ്രീൻ ബെൽറ്റ് നിർമിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം പറഞ്ഞു.
വെള്ളത്തിന്റെ അംശം വലിയതോതിൽ വലിച്ചെടുക്കാൻ കഴിയുമെന്നതിനാൽ കുന്നംകുളത്ത് പ്ലാന്റിനു സമീപം വാഴയാണ് നട്ടിരിക്കുന്നത്. ഇതുതന്നെ മൂവാറ്റുപുഴയിൽ തുടരാൻ കഴിയുമോ എന്ന് പരിശോധിക്കും. അജൈവമാലിന്യത്തിലെ പ്രധാന ഘടകമായ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റും ഉണ്ടാകും.
ഇതു തുറന്നുകൊടുക്കുന്നതോടെ നഗരത്തിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും ഉടൻ ഉദ്ഘാടനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.