പട്ടാപ്പകൽ വീട്ടമ്മയെ ബാത്റൂമിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു
text_fieldsമൂവാറ്റുപുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടമ്മയെ ബാത്റൂമിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. മൂവാറ്റുപുഴ കിഴക്കേക്കരയിൽ ബുധനാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. കിഴക്കേക്കരകളരിക്കൽ മോഹനന്റെ വീട്ടിലാണ് വീട്ടമ്മയെ വായിൽ തുണി തിരുകി ബാത്റൂമിൽ പൂട്ടിയിട്ടശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന 16 പവനോളം സ്വർണഭരണങ്ങളും 60,000 രൂപയും കവർന്നത്.
മോഹൻറ അകന്ന ബന്ധുവായ പത്മിനിയെ പൂട്ടിയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയത്. പത്മിനിയുടെ കഴുത്തിൽ കിടന്ന മാലയും തട്ടിയെടുത്തു. മോഹനന്റെ മരിച്ചുപോയ ഭാര്യയുടെയും മക്കളുടെയും ചെറുമക്കളുടെയും സ്വർണാഭരണങ്ങളാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്.
ഇതെല്ലാം മോഷണം പോയിട്ടുണ്ട്. വീടിനകം വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പുറകിൽനിന്നു കടന്നുപിടിച്ച് വായിൽ ടവ്വൽ തിരുകി ബാത്റൂമിൽ അടയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് മുറികളിൽ ഉണ്ടായിരുന്ന അലമാരകൾ കുത്തിത്തുറന്ന് തുണികൾ വലിച്ചുവാരിയിട്ട ശേഷം മോഷണം നടത്തിയത്. ഏറെ ആൾത്താമസം ഉള്ള സ്ഥലം ആണെങ്കിലും മോഷ്ടാവിനെകുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
മോഷ്ടാവ് കടന്നുകളഞ്ഞതിനുശേഷം പത്മിനി വാതിൽ തുറന്നു പുറത്തുകടന്നശേഷമാണ് വിവരം പുറത്തറിഞ്ഞത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.