മഴകനത്തു; മണ്ണിടിച്ചിൽ ഭീതിയിൽ ജനങ്ങൾ
text_fieldsമൂവാറ്റുപുഴ: മഴ ശക്തമായതോടെ ടൗണിലെ കോർമല അടക്കം മണ്ണിടിച്ചിൽ ഭീതിയിൽ. സത്രക്കുന്നിലും പതിവായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന പോയാലിമല, ആറൂർ, ആറൂർ ടോപ്, മീങ്കുന്നം, എലുവിച്ചിറ എന്നിവിടങ്ങളിലും ഭീഷണി നിലനിൽക്കുന്നുണ്ട്. 2015 ജൂലൈ അഞ്ചിലെ കനത്ത മഴയിലാണ് കോർമല കുന്നിടിഞ്ഞ് എം.സി റോഡിൽ പതിച്ചത്. വിദഗ്ധ സംഘത്തിന്റ പരിശോധനയിൽ നിലവിൽ മല അപകടാവസ്ഥയിലല്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാർ ഇന്നും ഭീതിയിലാണ്. ഒമ്പതു വർഷം മുമ്പ് ശക്തമായ മഴയിൽ എം.സി. റോഡിലേക്ക് ഇടിഞ്ഞു വീണ കോർമല ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്.
എം.സി റോഡിന് സമാന്തരമായി ഐ.ടി.ആർ ജങ്ഷൻ മുതൽ എൻ.എസ്.എസ് കവല വരെ ഒരു കിലോമീറ്റർ വരുന്ന കുന്നിന്റെ ഒരു ഭാഗം നൂറ് അടിയിലേറെ ഉയരത്തിൽ നിന്ന് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. മലയിടിച്ചിലിൽ ബഹുനില മന്ദിരമടക്കം മണ്ണിനടിയിൽപെട്ട് നശിച്ചിരുന്നു. ചെറിയ തോതിൽ മണ്ണിടിയുന്ന മല സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പലവട്ടം അധികൃതരോട് പരാതി പറഞ്ഞെങ്കിലും സുരക്ഷ നടപടികളൊന്നുമെടുത്തിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് റവന്യൂ, ജല അതോറിട്ടി, ജിയോളജി വകുപ്പധികൃതർ പരിശോധന നടത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കിയെങ്കിലും നടപടികളായിട്ടില്ല.
കോർമലക്ക് സംരക്ഷണഭിത്തി ഉടൻ നിർമിക്കുമെന്നും മലയിൽ ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങൾക്ക് സ്ഥലവും വീടും കണ്ടെത്തി നൽകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, ഇവർ ഇപ്പോഴും കോർമലയിൽ തന്നെ കഴിയുകയാണ്. സത്രക്കുന്ന് കഴിഞ്ഞ വർഷകാലത്താണ് ഇടിഞ്ഞ് തിരക്കേറിയ കാവുംപടി റോഡിൽ പതിച്ചത്. ഇവിടെയും അപകട ഭീഷണിയിലാണ്. ഇതിനുപുറമെയാണ് ആരക്കുഴ പഞ്ചായത്തിലെ ആറൂർ ടോപ്പിലെയും മീങ്കുന്നം എലുവിച്ചിറയിലെയും മണ്ണിടിച്ചിൽ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.