ഹെപ്പറ്റൈറ്റിസ് ബി കാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്
text_fieldsമൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ വിവിധ മേഖലകളിൽ ഹെപ്പറ്റൈറ്റിസ്-ബി പടർന്നുപിടിക്കുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്.
പഞ്ചായത്തിലെ തൃക്കളത്തൂർ അടക്കമുള്ള മേഖലകളിൽ രോഗം കണ്ടെത്തിയിട്ട് ഒരുമാസത്തിലേറെയായി. നിരവധി പേരാണ് അസുഖബാധിതരായി എത്തുന്നത്.
സാധാരണ മഞ്ഞപ്പിത്തംപോലെ വെള്ളത്തിൽനിന്നോ ഭക്ഷണത്തിൽ നിന്നോ പകരുന്നതല്ല ഇത്. വ്യാപകമായി പകരുന്ന രോഗവുമല്ല. എന്നിട്ടും ചില മേഖലകളിൽ രോഗം പടരുന്നതാണ് അധികൃതരെ കുഴക്കുന്നത്. ഒരുമാസത്തിനിടെ നിരവധി പേരാണ് ഇവിടത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.
നിലവിൽ പത്തുപേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രണ്ടുദിവസം കൂടുമ്പോൾ രണ്ടുമുതൽ അഞ്ചുപേർ വരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തുന്നുണ്ട്. പായിപ്രയിൽ രോഗബാധ വർധിക്കാനുള്ള കാരണം അജ്ഞാതമാണ്. അഞ്ചുവർഷം മുമ്പ് സമാന അവസ്ഥ ഉണ്ടായിരുന്നു. അന്ന് രോഗം വ്യാപകമായതോടെ ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിച്ചതിനെത്തുടർന്ന് ശമനമായിരുന്നു.
ഇതിനിടെ പഞ്ചായത്തിൽ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തൃക്കളത്തൂർ മേഖലയിൽ പരിശോധന നടത്തി. രോഗംബാധിച്ച് മരിച്ച വയോധികന്റെ വീട്ടിൽ അടക്കം ആരോഗ്യപ്രവർത്തകർ എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.