വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം; കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു
text_fieldsമൂവാറ്റുപുഴ: സഹകരണ ബാങ്ക് വീട് ജപ്തി ചെയ്ത ദലിത് കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുത്തു. മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ വീട്ടിൽ നിന്ന് ഇറക്കിവിട്ട കുട്ടികളെ എം.എൽ.എയുടെ നേതൃത്വത്തിൽ വാതിൽ തകർത്ത് തിരികെ പ്രവേശിപ്പിച്ചിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കായിരുന്നു കുടുംബത്തിന്റെ വീട് ജപ്തി ചെയ്തത്.
പായിപ്ര പഞ്ചായത്ത് പായിപ്ര എസ്.സി കോളനിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വലിയപറമ്പിൽ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്.
അയൽവാസികൾ, മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കിവിടാവൂ എന്ന് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. ഇതോടെ വിവരമറിഞ്ഞെത്തിയ എം.എൽ.എ, പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിലെ ജനപ്രതിനിധികൾ കുട്ടികളെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു.
ഒന്നര ലക്ഷം രൂപയോളം ബാങ്കിൽ വായ്പ കുടിശ്ശികയായതിന്‍റെ പേരിലാണ് നടപടി. അജേഷ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഞ്ചായത്ത് നൽകിയ മൂന്ന് സെന്‍റ് സ്ഥലത്ത് നിർമിച്ച വീടിനെതിരെയാണ് ജപ്തി നടപടി ഉണ്ടായത്.
എന്നാൽ മനുഷ്യത്വരഹിതമായ ഒരു പ്രവർത്തിയും നടത്തിയിട്ടില്ലെന്നും എം.എൽ.എ രംഗം വഷളാക്കുകയായിരുന്നുവെന്ന് അർബർ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.