സ്റ്റേഡിയത്തിൽ വീണ്ടും അനധികൃത പാർക്കിങ്
text_fieldsമൂവാറ്റുപുഴ: ചളിക്കളമായി മാറിയ സ്റ്റേഡിയം സ്വകാര്യ സംഘടന നന്നാക്കിയെങ്കിലും വാഹനങ്ങളുടെ അനധികൃത പാർക്കിങ് തുടരുന്നു. ചളിക്കുളമായി മാറിയ മുനിസിപ്പൽ സ്റ്റേഡിയം സ്വകാര്യ പരിപാടിയുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം മെറ്റലും മറ്റും ഉപയോഗിച്ച് നന്നാക്കിയത്.
എന്നാൽ, പരിപാടി കഴിഞ്ഞതിനു പിന്നാലെ സ്റ്റേഡിയം വീണ്ടും വണ്ടിപ്പേട്ടയായി മാറി. ഇതോടെ വീണ്ടും ചളിക്കുളമായി മാറാനുള്ള സാധ്യതയേറെയാണ്. നഗരത്തിൽ രണ്ട് വണ്ടിപ്പേട്ട ഉണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ലോറികളുടെ താവളമായി സ്റ്റേഡിയം മാറിയിട്ട് വർഷങ്ങളായി.
നേരത്തേ പാർക്കിങ്ങിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ പാർക്കിങ് തടയാൻ മുൻ മുനിസിപ്പൽ കൗൺസിലിന്റ കാലത്ത് സംരക്ഷണ വേലി കെട്ടി.
എന്നാൽ, ഇത് താമസിയാതെ പൊളിച്ചുനീക്കി വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആരംഭിക്കുകയായിരുന്നു. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽനിന്ന് അനധികൃതമായി പാർക്കിങ് ഫീസും ഈടാക്കുന്നുണ്ട്.
നഗരത്തിലെത്തുന്ന വാഹനങ്ങൾ എവറസ്റ്റ് കവലയിലുള്ള വണ്ടിപ്പേട്ടയിലും ഹോമിയോ ആശുപത്രിക്ക് സമീപവും പാർക്ക് ചെയ്യണമെന്നാണ് നിർദേശമെങ്കിലും ഇതെല്ലാം ഒഴിവാക്കി വാഹനങ്ങൾ സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യുകയാണ്.
നഗരസഭ അധികൃതരുടെ മൗനസമ്മതമാണ് അനധികൃത പാർക്കിങ് തുടരാൻ കാരണമെന്ന ആരോപണം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.