മൂവാറ്റുപുഴ മേഖലയിൽ മണ്ണെടുപ്പും പാടം നികത്തലും വ്യാപകം
text_fieldsമൂവാറ്റുപുഴ: മേഖലയിൽ പാടം നികത്തലും മലയിടിക്കലും മണ്ണെടുപ്പും വ്യാപകമായി. ടൗണിൽ പ്രധാന തോടും പാടവും നീർച്ചാലുകളും നികത്തുന്നതാണ് ഒടുവിലത്തെ സംഭവം. അതിനിടെ നിർമല കോളജിനു സമീപം മണ്ണിടാൻ എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. നിർമല കോളജിനുസമീപം മൂവാറ്റുപുഴ നഗരസഭയുടേയും ആവോലി പഞ്ചായത്തിന്റെയും അതിർത്തി മുതൽ ആശ്രമം ബസ് സ്റ്റാൻഡ് വരെയുള്ള ഒരു കിലോമീറ്റർ പ്രദേശത്തെ തോടും പാടവുമാണ് സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തിയത്. മണ്ണിടൽ തുടങ്ങിയ സമയത്ത് നാട്ടുകാർ പരാതി നൽകിയിരുന്നു. അധികൃതർ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിട്ടത്. ഇതോടെ സംഘടിച്ചെത്തിയ നാട്ടുകാർ വാഹനങ്ങൾ തടയുകയായിരുന്നു. പ്രദേശത്തെ നീരുറവയോടുകൂടിയ സ്വാഭാവിക നീർചാലുകളും തോടുകളുമാണ് കൈയേറി നികത്തിയത്. ആശ്രമക്കുന്നിൽനിന്നും കോളജ് കുന്നിൽനിന്നുമുള്ള വെള്ളവും അടക്കം പ്രദേശത്തെ മുഴുവൻ മഴവെള്ളവും മൂവാറ്റുപുഴയാറ്റിലേക്ക് എത്തിക്കുന്ന തോടാണ് മണ്ണിട്ടുനികത്തിയത്. തോട് നികത്തിയതുമൂലം അടുത്ത മഴക്കാലം വരുന്നതോടെ നീരൊഴുക്ക് തടസ്സപ്പെട്ട് നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുമെന്ന ഭീതിയിലാണ് നാട്ടുകാർ. അനധികൃത നികത്തലുകൾ തടഞ്ഞ് നീർച്ചാലുകളും തോടുകളും പൂർണമായി തുറന്ന് പൂർവസ്ഥിതിയിലാക്കണമെന്നും മൂവാറ്റുപുഴയാറ് വരെ സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
ഇതിനിടെ മൂവാറ്റുപുഴ വില്ലേജിലെ ഒന്നര എക്കർ വരുന്ന മല അടക്കം വ്യാപകമായി മണ്ണ് മാഫിയ ഇടിച്ചു നിരത്തിയ സംഭവവുമുണ്ടായി. ആവോലി പഞ്ചായത്തിൽ എക്കറിന് മുകളിൽ വരുന്ന സ്ഥലമാണ് ഇടിച്ചു നിരത്തി മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. ഉദ്യോഗസ്ഥരുടെ അറിവോടും സഹകരണത്തോടെയുമാണ് മലയിടിക്കൽ നടന്നതെന്ന ആരോപണമുണ്ട്. ഇതിനു പുറമെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി വ്യാപക പാടം നികത്തൽ നടക്കുന്നു. വീട് വെയ്ക്കാനെന്ന പേരിൽ അഞ്ച് സെന്റ് സ്ഥലത്ത് മണ്ണെടുക്കാനുള്ള അനുവാദം വാങ്ങി മലയും കുന്നും ഇടിക്കുന്ന കുതന്ത്രമാണ് നടപ്പാക്കുന്നത്.മൂവാറ്റുപുഴ: വ്യാപക പാടം നികത്തലും മണ്ണെടുക്കലും അധികൃതരുടെ മൗനാനുവാദത്തോടെയാണ് നടക്കുന്നതെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആരോപിച്ചു. മൂവാറ്റുപുഴയിലെ അവശിഷ്ട മലകളും തണ്ണീർ തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ പീപ്പിൾ കലക്ടർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.