മൂവാറ്റുപുഴ മേഖലയിൽ എലിപ്പനി പടരുന്നു; ഒരുമാസത്തിനിടെ മൂന്നുപേർ മരിച്ചു
text_fieldsമൂവാറ്റുപുഴ: പകർച്ചപ്പനിക്ക് പിന്നാലെ മൂവാറ്റുപുഴ മേഖലയിൽ എലിപ്പനിയും പടരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കല്ലൂർക്കാട്, പായിപ്ര, മഴുവന്നൂർ പഞ്ചായത്തുകളിലായി മൂന്നുപേർ മരിച്ചു. നിരവധി പേർ ചികിത്സയിലുണ്ട്. ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നവരിലാണ് രോഗം കണ്ടെത്തിയത്.
അധികവും കെട്ടിക്കിടക്കുന്ന ജലാശയങ്ങളാണ്. എലിമൂത്രം കലർന്ന ജലാശയങ്ങളിൽ ഇറങ്ങിയാൽ കൈകാലുകളിൽ മുറിവോ പോറലോ ഉണ്ടെങ്കിൽ ലെപ്ടോസ്പൈറ രോഗാണു ശരീരത്തിൽ പ്രവേശിക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ഒരാഴ്ചക്കകം രോഗലക്ഷണം പ്രകടമാകും.
പനി, ഛർദി, വിശപ്പില്ലായ്മ, തലവേദന, കണ്ണുകൾക്ക് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ, പലരും വൈറൽപനി എന്ന നിലയിലാണ് ചികിത്സ തുടരുന്നത്. ഇത് തുടർന്നാൽ കരൾ, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും. ആരംഭത്തിൽ രോഗനിർണയം നടത്തിയാൽ സങ്കീർണ സാഹചര്യം ഒഴിവാക്കാൻ കഴിയും. പനി ബാധിക്കുന്നതോടെ കോവിഡ് ലക്ഷണങ്ങളാണെന്ന് കരുതി ആശുപത്രിയിൽ പോകാൻ മടിക്കുന്നവരും ധാരാളമാണ്. വേനൽ ആയതോടെ കെട്ടിക്കിടക്കുന്ന ജലാശയങ്ങളിൽ രോഗാണു സാധ്യത കൂടുതലാണ്. എലിനശീകരണവും കാര്യക്ഷമമല്ല. ക്ഷീരകർഷകർ പുല്ല് സമാഹരിക്കാൻ പാടശേഖരങ്ങളിൽ ഇറങ്ങുന്നതും പതിവാണ്. ഇവരിൽ ഭൂരിപക്ഷവും പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നവരല്ല.
പൈനാപ്പിൾ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നവരും തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, ക്ഷീരകർഷകർ, ശുചീകരണ മേഖലയിലെ ജീവനക്കാർ എന്നിവരിലാണ് രോഗസാധ്യത കൂടുതൽ ഉള്ളത്. പ്രതിരോധ മരുന്ന് ആറ് ആഴ്ച കഴിച്ചാൽ രോഗത്തെ ചെറുക്കാൻ കഴിയും.
മേഖലയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ ജില്ല ആരോഗ്യ വകുപ്പ് ജാഗ്രതയോടെ ഇടപെടൽ നടത്തണമെന്നും പ്രതിരോധ മരുന്ന് വിതരണം വ്യാപകമാക്കണമെന്നും മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.