ജനറൽ ആശുപത്രി മെഡിക്കൽ സ്റ്റോറിലെ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് പച്ചക്കൊടി
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിന്റ പ്രവർത്തനം നിലച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ആശുപത്രി വികസന സമിതി വിജിലൻസിന് പരാതി നൽകും. വ്യാഴാഴ്ച രാവിലെ ചേർന്ന എച്ച്.ഡി.സി യോഗമാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആശുപത്രി വികസന സമിതിയുടെ കീഴിൽ നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ സ്റ്റോറാണ് ക്രമക്കേടുകളെ തുടർന്ന് 2020ൽ അടച്ചുപൂട്ടിയത്. തുടർന്ന് അന്നത്തെ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ രാജി ദിലീപ്, ആശുപത്രി വികസന കമ്മിറ്റി അംഗം കെ.എ. നവാസ് എന്നിവരെ ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എച്ച്.ഡി.സി കമ്മിറ്റി ചുമതലപെടുത്തുകയും ചെയ്തു. ഇവർ 2021ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്താണ് ഇവർ റിപ്പോർട്ട് നൽകിയത്.
വ്യാഴാഴ്ച ചേർന്ന കമ്മിറ്റിയിൽ വിഷയം ഉയർന്നുവന്നതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആശുപത്രിയിലെ എച്ച്.ഡി.സി മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം അട്ടിമറിക്കുന്ന വിധത്തിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ആർ.സി.ബി.വൈ, ആർ.ബി.എസ്.എച്ച് എം.സി, പട്ടിവർഗ വകുപ്പ്, കോതമംഗലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽനിന്നായി എച്ച്.ഡി.സി മെഡിക്കൽ സ്റ്റോറിനു ലഭിക്കേണ്ട 97 ലക്ഷം രൂപ പാഴായതായും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
2018 ഒക്ടോബർ വരെ 52,11,173 രൂപ ബാങ്ക് ബാലൻസും എട്ട് ലക്ഷം രൂപയുടെ മരുന്ന് സ്റ്റോക്കും ഉണ്ടായിരുന്ന മെഡിക്കൽ സ്റ്റോറിന്റെ ബാങ്ക് ബാലൻസ് 2020 ആയപ്പോഴേക്കും 3.10 ലക്ഷമായി കുറഞ്ഞു. ഉപയോഗിക്കാൻ കഴിയാത്ത ലക്ഷം രൂപയുടെ മരുന്നും ബാക്കിയായി. പിന്നീട് പ്രവർത്തനം സുഗമമായി നടന്നില്ല. താമസിയാതെ അടച്ചുപൂട്ടുകയും ചെയ്തു.
റിപ്പോർട്ട് പുറത്തുവന്നിട്ടും നടപടി ഉണ്ടാകാത്തത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.