ആശങ്ക പരത്തി മഞ്ഞപ്പിത്തം
text_fieldsമൂവാറ്റുപുഴ: കിഴക്കേകര, രണ്ടാർ മേഖലകളിൽ മഞ്ഞപ്പിത്തം പടരുമ്പോൾ ആരോഗ്യ വകുപ്പ് അനാസ്ഥ കാട്ടുന്നതായി ആക്ഷേപം. മൂവാറ്റുപുഴ നഗരസഭ, ആവോലി പഞ്ചായത്ത് ഭാഗങ്ങളിൽപെടുന്ന പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ്-ബി അടക്കമുള്ള മഞ്ഞപ്പിത്തം വ്യാപകമായത്.
ഇതിനകം മുപ്പതോളം പേർക്ക് രോഗം പിടിപെട്ടതായാണ് കണക്ക്. ആവോലി പഞ്ചായത്തിലെ ഒരു ഗോഡൗണിൽ ജോലി ചെയ്യുന്ന ആറ് പേർക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. എവിടെനിന്നാണ് രോഗം വ്യാപിക്കുന്നതെന്ന് വ്യക്തതയില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്,
നിലവിൽ രോഗം ബാധിച്ച് ഒരു സ്ത്രീയടക്കം രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. ഒരുമാസം മുമ്പാണ് പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്തത്.
തുടർന്ന് പലയിടത്തും പടർന്നുപിടിക്കുകയായിരുന്നു. ആവോലി പി.എച്ച്.സിയുടെ നേതൃത്വത്തിൽ ഒരു പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ നടത്തിയതല്ലാതെ മറ്റ് നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
രോഗ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളിലും വകുപ്പ് പരാജയപ്പട്ടതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നു. രോഗം ബാധിച്ച് അവശ നിലയിലായവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും നഗരത്തിലെ മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
വാളകം പഞ്ചായത്തിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാളകം, മുടവൂർ എന്നിവിടങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി മുൻ വർഷങ്ങളിൽ വ്യാപകമായിരുന്നു.
ആവോലി പഞ്ചായത്തിൽ മുമ്പ് ഇത്ര വ്യാപകമായി ഹെപ്പറ്റൈറ്റിസ് ബി പടർന്നുപിടിച്ചിരുന്നില്ല. ആരംഭത്തിൽതന്നെ ശരിയായ ചികിത്സ ലഭിക്കുകയാണെങ്കിൽ രോഗം ഭേദമാക്കാൻ കഴിയുമെന്നും പ്രത്യേക പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാൻ കഴിയൂവെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.