ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേന – മാത്യു കുഴൽനാടൻ എം.എൽ.എ
text_fieldsമൂവാറ്റുപുഴ: ലഹരി വിമുക്ത മൂവാറ്റുപുഴക്കായി കർമസേനക്ക് രൂപം നൽകുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. താലൂക്ക് വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലഹരി വിൽപനക്കെതിരെ നടപടിയെടുത്ത ഇലഞ്ഞി പഞ്ചായത്തിനെ യോഗത്തിൽ ആദരിച്ചു. ഇലഞ്ഞിയിൽ നിരോധിത പുകയില വിൽപന നടത്തിയ രണ്ടു വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് തൽസമയം തന്നെ പഞ്ചായത്ത് സസ്പെൻഡ് ചെയ്തിരുന്നു. ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഇത്തരം നടപടികൾ മറ്റ് പഞ്ചായത്തുകളും പിന്തുടരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ലഹരി ഉപയോഗം തടയാൻ കൂടുതൽ ശ്രദ്ധ വേണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലഹരിക്കെതിരെ കൂടുതൽ പ്രതിരോധം ആവശ്യമാണ്. ഇതിനായി പ്രാദേശിക-പഞ്ചായത്ത് തലത്തിലും മണ്ഡലം തലത്തിലും കർമ സേനകൾക്ക് രൂപം നൽകും. പഞ്ചായത്തുകളും എക്സൈസ്-പൊലീസ് വകുപ്പുകളും ചേർന്ന് പ്രാദേശികമായി കൂടുതൽ ഇടപെടൽ നടത്തണം.
അപകടവും അപകട മരണങ്ങളും തുടർക്കഥയായ പേഴക്കാപ്പിള്ളിയിൽ എം.സി റോഡിൽ പരിശോധന കർശനമാക്കാനും അനധികൃത പാർക്കിങ്ങുകൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രാഫിക് പൊലീസിന് നിർദേശം നൽകി. കച്ചേരിതാഴത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റോപ്പുകൾ മാറി വാഹനം നിർത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാണെന്ന പരാതിയിലും പൊലീസ് നടപടി സ്വീകരിക്കണം.
ഓപറേഷൻ വാഹിനിക്കായി വാഹനങ്ങൾ വാടകക്കെടുത്ത വകയിൽ നൽകാനുള്ള പണം അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശം നൽകി. ഈസ്റ്റ് മാറാടിയിൽ പൊട്ടിപ്പൊളിഞ്ഞ കനാൽ ഒരു കിലോമീറ്ററോളം ദൂരം നാട്ടുകാർ കൈയേറിയത് വീണ്ടെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി യോഗത്തിൽ ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിക്കാൻ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി.
വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഒ.പി. ബേബി, മാത്യൂസ് വർക്കി, ബിനോ കെ. ചെറിയാൻ, ജോർജ് ഫ്രാൻസിസ് തെക്കേക്കര, ആർ.ഡി.ഒ പി.എൻ. അനി, തഹസിൽദാർ കെ.എൻ. സതീശൻ എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.