കീച്ചേരിപ്പടി ജങ്ഷൻ വികസനത്തിന് നടപടിയില്ല; മൂവാറ്റുപുഴയിൽ ഗതാഗതക്കുരുക്ക് മുറുകുന്നു
text_fieldsമൂവാറ്റുപുഴ: ഗതാഗതക്കുരുക്ക് രൂക്ഷമായ മൂവാറ്റുപുഴയിലെ തിരക്കേറിയ കീച്ചേരിപ്പടി ജങ്ഷന് വികസനത്തിന് ഇനിയും നടപടിയായില്ല.
രണ്ട് വർഷം മുമ്പ് മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് കീച്ചേരിപ്പടി ജങ്ഷൻ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ പൊതു മരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഗതാഗത തടസം മൂലം വീർപ്പുമുട്ടുന്ന കവലയുടെ വികസന പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.
നഗരസഭാ പ്രദേശത്തെ ഏറ്റവും തിരക്കേറിയതും വാണിജ്യ- പാർപ്പിട മേഖലയുമാണ് കീച്ചേരിപ്പടി കവല. കൊച്ചി-ധനുഷ്കോടി ദേശീയപാത ഇതുവഴിയാണ് കടന്നു പോകുന്നത്. എം.സി. റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള ബൈപ്പാസ് റോഡ് അവസാനിക്കുന്നതും കീച്ചേരിപ്പടിയിലാണ്. സംസ്ഥാന കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇ.ഇ.സി. മാർക്കറ്റ് സമുച്ചയത്തിലേക്കും മൂവാറ്റുപുഴ നഗരസഭയുടെ ഉണക്ക മൽസ്യ, പച്ചക്കറി മാർക്കറ്റുകളിലേക്കും അഗ്നിരക്ഷാ നിലയത്തിലേക്കും എത്തുന്നതിന് കീച്ചേരിപ്പടി ജങ്ഷൻ കടക്കണം. കാവുങ്കര മേഖലയിലെ പ്രധാന സ്കൂളുകളിലേക്ക് പോകുന്നതും ഇതുവഴിയാണ്.
എറണാകുളം, തൃശൂർ, കോട്ടയം, ഭാഗങ്ങളിൽനിന്ന് അന്തർദേശീയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. എന്നാൽ വർഷങ്ങൾക്ക് മുമ്പുള്ള ഇടുങ്ങിയ റോഡാണിത്. ഇത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നു. മൂവാറ്റുപുഴ ടൗണിൽ നിന്ന് വരുന്ന വാഹനങ്ങളും ടൗണിലേക്ക് പോകേണ്ട വാഹനങ്ങളും കീച്ചേരിപ്പടി ജങ്ഷനിൽ തിക്കിതിരക്കുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരം കാണാൻ കീച്ചേരിപ്പടി ജങ്ഷൻ വികസനമല്ലാതെ മർഗമില്ല.
കവല വികസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ രണ്ട് വർഷം മുമ്പ് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. സമീപത്തുള്ള പുറമ്പോക്ക് ഭൂമി പ്രയോജനപ്പെടുത്തിയും ആവശ്യമായ സ്ഥലം ഏറ്റെടുത്തും കീച്ചേരിപടി കവല വികസിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.