ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു
text_fieldsമൂവാറ്റുപുഴ: പനി അടക്കമുള്ള പകർച്ചവ്യാധികൾ ബാധിച്ച് ആശുപത്രിയിൽ എത്തിയവർ തളർന്നുവീണു. നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന തൃക്കളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാർ ഇല്ലാത്തതുമൂലം രോഗികൾ വലഞ്ഞത്. പ്രശ്നം രോഗികളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായി. മൂന്ന് ഡോക്ടർമാരുള്ള ആശുപത്രിയിൽ ഒരാൾ പനി ബാധിച്ച് ചികിത്സയിലാണ്. മറ്റൊരാൾ പ്രസവാവധിയിലുമാണ്. വൈറൽ പനി അടക്കം വ്യാപകമായ മേഖലയിൽ പനി ബാധിച്ച് തിങ്കളാഴ്ച രാവിലെ നൂറുകണക്കിന് പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
നീണ്ട നിരയും രൂപപ്പെട്ടു. പലരും തീരെ അവശരുമായിരുന്നു. ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ അവശരായി എത്തിയ രോഗികൾക്ക് പെട്ടെന്ന് ഡോക്ടറെ കാണാൻ കഴിയാതെ വന്നു. മണിക്കൂറുകൾ ക്യൂവിൽ നിന്നതോടെ പലരും തളർന്നു. ഇതോടെയാണ് രോഗികൾ ബഹളം െവച്ചത്. സാമൂഹിക പ്രവർത്തകർ ഇടപെട്ട് രോഗികളെ സമാധാനിപ്പിക്കുകയായിരുന്നു. ഇവർ ജില്ല മെഡിക്കൽ ഓഫിസറെ അടക്കം വിളിച്ച് പരാതി പറയുകയും ചെയ്തു.
പായിപ്ര പഞ്ചായത്തിലെ പ്രധാന ആശുപത്രിയാണ് തൃക്കളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം. നല്ല രീതിയിൽ പ്രവർത്തിച്ചുവന്ന ഈ ആശുപത്രിയിൽ പഞ്ചായത്തിലെ 22 വാർഡിൽനിന്നുമുള്ളവർ ചികിത്സ തേടി എത്തുന്നുണ്ട്.
പിന്നെ ഒരു സർക്കാർ ആശുപത്രിയുള്ളത് എട്ട് കിലോമീറ്റർ അകലെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയാണ്. പനി അടക്കം ബാധിക്കുന്നവർ ആശ്രയിക്കുന്ന ആശുപത്രിയിൽ ഡോക്ടരുടെ കുറവ് വരുന്നത് ആദ്യമായാെണന്ന് നാട്ടുകാർ പറഞ്ഞു. നിലവിലുള്ള ഡോക്ടറുടെ സേവനം ഉച്ചവരെയെ ലഭിക്കുന്നുള്ളൂ. പകർച്ചവ്യാധികൾ അടക്കം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.