മണ്ണുമാഫിയയുടെ ആക്രമം: പെൺകുട്ടി രഹസ്യമൊഴി നൽകി
text_fieldsമൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടർന്ന് മണ്ണുമാഫിയയുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 3 കോടതിയിൽ രഹസ്യമൊഴി നൽകി. മജിസ്‌ട്രേറ്റ് നിമിഷ അരുണിന്റെ മുന്നിലാണ് മാറാടി കാക്കച്ചിറ വേങ്ങപ്ലാക്കൽ അക്ഷയ വി. ലാലു ക്രിമിനൽ ചട്ടം 164 പ്രകാരം മൊഴി നല്‍കിയത്. അനധികൃത മണ്ണെടുപ്പ് തന്റെ വീടിനടക്കം ഭീഷണിയായതോടെയാണ് പെൺകുട്ടി മണ്ണെടുപ്പ് മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്.
ഇതോടെ പെൺകുട്ടിയെ മണ്ണുമാഫിയ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം നടന്ന് ഒമ്പത് ദിവസം പിന്നിട്ടിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ സംഭവത്തിലെ പ്രതി എറണാകുളം ജില്ല കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അറിഞ്ഞതോടെയാണ് മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കാന്‍ മാതാപിതാക്കൾക്കൊപ്പം പെൺകുട്ടി എത്തിയത്. എറണാകുളം കോടതിയിലും നേരിട്ട് ഹാജരാകാൻ പെൺകുട്ടി തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ മാറാടിയിൽ പട്ടികവർഗ വിദ്യാർഥിനിയെ മർദിച്ച മണ്ണുമാഫിയ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമിതി മൂവാറ്റുപുഴ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഡിവൈ.എസ്.പി ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് ഉദ്ഘാടനം ചെയ്തു. ദലിത് വിദ്യാർഥിനിയെ ആക്രമിച്ച മണ്ണുമാഫിയയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ സംരക്ഷണ സമിതി നേതൃത്വത്തിലും ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി.
ഇതിനിടെ മാറാടി പഞ്ചായത്തിലെ കാക്കൂച്ചിറ പ്രദേശത്തെ മണ്ണെടുക്കൽ പ്രശ്നങ്ങളുമായി പാർട്ടി പ്രവർത്തകർക്ക് ആർക്കും ബന്ധമില്ലെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ പറഞ്ഞു. ഒരു പ്രതിയെയും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിച്ചിട്ടില്ല. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിപ്പട്ടികയിലുള്ളവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.