മാലിന്യകേന്ദ്രം ദുരിതമായി; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsമൂവാറ്റുപുഴ: അസഹ്യമായ ദുർഗന്ധവും കൊതുകും മൂലം ജീവിതം ദുസ്സഹമായതോടെ നഗരസഭയുടെ കീഴിലെ വളക്കുഴിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ മാലിന്യവുമായി എത്തുന്ന വാഹനങ്ങൾ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച രാവിലെ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധവുമായി സംസ്കരണ കേന്ദ്രത്തിൽ എത്തുകയായിരുന്നു.
മൂന്ന് ദിവസമായി അസഹ്യമായ ദുർഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. അശാസ്ത്രീയമായ മാലിന്യ സംസ്കരണ മൂലം ജൈവമാലിന്യങ്ങൾ ചീഞ്ഞുനാറുകയാണ്. ഈച്ചയും കൊതുകും വ്യാപിച്ചത് സമീപവാസികളുടെ ജീവിതം ദുസ്സഹമാക്കി.
മാലിന്യ കേന്ദ്രത്തിലെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം മറ്റൊരു പ്രശ്നമാണ്.നാലു പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയരുന്നത് ആദ്യമല്ല.
രണ്ടു വർഷം മുമ്പ് ദിവസങ്ങൾ നീണ്ട സമരം അരങ്ങേറുകയും മാലിന്യം കൊണ്ടു വരുന്നത് തടയുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപമാണ് ആ ദിവസങ്ങളിൽ നഗരസഭ മാലിന്യം തള്ളിയത്. ഒടുവിൽ കുറച്ചു നവീകരണം നടത്തി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.
ആറു മാസം മുമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി 10.82 കോടിയുടെ ബയോമൈനിങ് പദ്ധതി പ്രഖ്യാപിക്കുകയും അഞ്ചു മാസം മുമ്പ് ബയോ മൈനിങ് ഉപകരണങ്ങൾ എത്തിക്കുകയും ചെയ്തു.
എന്നാൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. നഗര റോഡുകളിൽ തള്ളുന്ന മാലിന്യവും ഹോട്ടലുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഭക്ഷണ മാലിന്യവും അടക്കമാണ് ഇവിടെ തള്ളുന്നത്.
പ്ലാസ്റ്റിക് മാലിന്യവും മറ്റും വേർതിരിച്ച് എടുത്ത് വിൽപന നടത്താൻ മാലിന്യ സംസ്കരണം ഏറ്റെടുത്തിട്ടുള്ള സ്വകാര്യ സംഘടന ഇവിടെ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ജൈവ മാലിന്യങ്ങൾ അശാസ്ത്രീയമായി തള്ളുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്രശ്നം പരിഹരിച്ച് വീടുകളിൽ കഴിയാൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.