ഇരുമുന്നണിയെയും വിടാതെ
text_fieldsമൂവാറ്റുപുഴ: യു.ഡി.എഫ് മനസ്സാണ് മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിനുള്ളതെങ്കിലും അടുത്ത കാലത്തായി ഇരുമുന്നണിയെയും മാറി മാറി പരീക്ഷിക്കുകയാണ് മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സിറ്റിങ് എം.എൽ.എ എൽദോ എബ്രഹാമിനെ പരാജയപ്പെടുത്തി യു.ഡി.എഫ് കൈപ്പിടിയിലൊതുക്കിയ മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പിലും ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് മുന്നണി. യു.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലം ഒരിക്കലൊഴിച്ച് ലോക്സഭ തെരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണുള്ളത്. 2004ൽ സി.പി.എം നേതാവും നാട്ടുകാരനുമായ പി.എം. ഇസ്മയിലിന് മണ്ഡലം 5000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയതൊഴിച്ചാൽ ഒരിക്കലും ഇടതുസ്ഥാനാർഥികളെ പിന്തുണച്ചിട്ടില്ല. മതന്യൂന പക്ഷങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഇവിടം പൊതുവെ യു.ഡി.എഫ് കോട്ടയായാണ് അറിയപ്പെടുന്നതെങ്കിലും 1957 മുതൽ നടന്ന 17 അസംബ്ലി തെരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ മണ്ഡലം ചുവന്നിട്ടുണ്ട്.
’67ൽ പി.വി. എബ്രഹാമും ’70 ൽ പെണ്ണമ്മ ജേക്കബും ’87ൽ ഡോ. എ.വി. ഐസക്കും 2006ൽ ബാബുപോളും 2016ൽ എൽദോ എബ്രഹാമുമാണ് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയത്. മൂവാറ്റുപുഴ നഗരസഭ, വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, ആവോലി, പാലക്കുഴ, മാറാടി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭ മണ്ഡലം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 6161 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥി മാത്യു കുഴൽനാടൻ, ഇടതു സ്ഥാനാർഥി എൽദോ എബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥി ജിജി ജോസഫിന് 7527 വോട്ടേ ലഭിച്ചുള്ളൂ. 2019ൽ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് സിറ്റിങ് എം.പി ജോയ്സ് ജോർജിനെതിരെ വ്യക്തമായ ലീഡ് നേടിയിരുന്നു. നാട്ടുകാരനായ ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർഥിത്വം ഇക്കുറിയും നേട്ടമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ വികാരം ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷം ഒരു വികസനവും കൊണ്ടുവരാനായില്ലെന്ന ആരോപണവും എം.പിയായിരുന്നപ്പോൾ ജോയ്സ് ജോർജ് നടത്തിയ പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്.
ബി.ഡി.ജെ.എസിന്റെ സംഗീത വിശ്വനാഥനാണ് എൻ.ഡി.എ സ്ഥാനാർഥി. ഇക്കുറി മൂവാറ്റുപുഴ മണ്ഡലത്തിൽനിന്ന് കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.