റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട്
text_fieldsമൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ റാക്കാട് നന്തോട് ജലസേചന പദ്ധതിയിൽ വൻ ക്രമക്കേട് നടന്നെന്ന് ലോക്കൽ ഓഡിറ്റ് റിപ്പോർട്ട്. പുഴയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ജലസേചനം നടത്തുന്നതിനായി പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ മോട്ടർ സ്ഥാപിച്ചത് പുഴയുടെ തീരത്തു തന്നെയാണ്. ഇവിടെ നിന്ന് പി.വി.സി പൈപ്പ് കണക്ഷൻ സമീപത്തെ സ്വകാര്യ കുപ്പിവെള്ള കമ്പനിയിലേക്ക് നൽകിയിരിക്കുകയാണെന്നും ജലസേചനം ആവശ്യമില്ലാത്ത കാലഘട്ടത്തിൽ പദ്ധതിയുടെ ഗുണം പൂർണമായി കമ്പനിക്കു മാത്രമാണ് ലഭിക്കുന്നതെന്നും ഇത് മാർഗരേഖയുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ ഉണ്ട്. രണ്ട് പദ്ധതികളാണ് നന്തോട് ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് വാളകം പഞ്ചായത്ത് നടപ്പാക്കിയത്.
എട്ടാം വാർഡിൽ പി.വി.സി പൈപ്പ് സ്ഥാപിച്ച് പുഴയിൽ നിന്ന് മോട്ടർ ഉപയോഗിച്ച് പെരിയാർ വാലി കനാലിനു സമാന്തരമായി ജലസേചനം നടപ്പാക്കുന്നതായിരുന്നു പദ്ധതി. ജലസേചന പദ്ധതി നടപ്പാക്കുന്നത് പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽ ഉൾപ്പെടാതിരുന്നിട്ടും രണ്ടു പദ്ധതികൾ ഒരേ കാര്യത്തിനായി നടപ്പാക്കി. നിലവിലുള്ള മോട്ടർ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതിയുടെ എസ്റ്റിമേറ്റും പ്ലാനും പരിശോധനക്ക് ഹാജരാക്കിയിട്ടുമില്ല. പൈപ്പ് സ്ഥാപിക്കുന്നതിന് കൂടുതൽ തുക ചെലവാക്കിയതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.മോട്ടർ ഉപയോഗിക്കുന്നതിന്റെ വൈദ്യുതി ചാർജ് കൃഷി ആവശ്യത്തിനെന്ന വ്യാജേന കൃഷി വകുപ്പാണ് അടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.