മൂക്കുപൊത്തണം ഇവിടെ കയറാൻ
text_fieldsമൂവാറ്റുപുഴ: സ്ത്രീകൾ അടക്കം നിരവധി പേർ ദിനേന എത്തുന്ന മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. പൊതുജനങ്ങൾക്കായി സിവിൽ സ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ച ശൗചാലയം ദുർഗന്ധം വമിച്ച് ആർക്കും ഉപയോഗിക്കാൻ കഴിയാതെ കിടക്കുകയാണ്.
ശൗചാലയത്തിലേക്കുള്ള വഴി കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിട്ട് നാളുകളായി. ഇതിനു പുറമെ ഓഫിസുകളിൽ നിന്നുള്ള മാലിന്യം കത്തിക്കുന്നതും ഇവിടെയാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്ന സ്ത്രീകളുടെ കാര്യമാണ് ഏറെ കഷ്ടം. ഇവർക്ക് ശുചിമുറി സൗകര്യം ഇല്ല. ഉള്ളത് പുരുഷൻമാരുടെ ശൗച്യാലയത്തിനുള്ളിൽ ഒരു ശുചിമുറി മാത്രമാണ്. ഇതും ദുർഗന്ധം വമിച്ച് കയറാൻ പറ്റാത്ത അവസ്ഥയിലാണ്.
നിലവിൽ ഇവർ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കണമെങ്കിൽ വേറെ വഴി നോക്കണം. സമീപത്തൊന്നും ഇതിനു സൗകര്യവുമില്ല. രണ്ടു പതിറ്റാണ്ട് മുമ്പ് നിർമിക്കുമ്പോൾ തന്നെ അശാസ്ത്രീയമായ ശുചിമുറി നിർമാണത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
നിരവധിപേർ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകിയതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ല. ഇതിനു പുറമെ ആർ.ഡി.ഒ ഓഫിസിന് താഴെ ഭക്ഷണമാലിന്യം അടക്കം ചീഞ്ഞഴുകിയ നിലയിൽ കിടക്കുകയാണ്. ആറുവർഷം മുമ്പ് സിവിൽസ്റ്റേഷൻ പരിസരത്ത് മാലിന്യം തള്ളുന്നതിനെതിരെ മാലിന്യങ്ങളില്‍ മുട്ടില്‍ നിന്ന് ഒറ്റയാൾ സമരനായകൻ എം.ജെ. ഷാജി സമരം നടത്തിയിരുന്നു. സമരത്തിനൊടുവിൽ ആർ.ഡി.ഒ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം വീണ്ടും പഴയപടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.