മൂവാറ്റുപുഴ ജനറൽ ആശുപത്രി; ഒരു വർഷം പിന്നിട്ടിട്ടും ഓപറേഷൻ തിയറ്റർ തുറന്നില്ല
text_fieldsമൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ കോടികൾ മുടക്കി നിർമിച്ച ഓപറേഷൻ തിയറ്റർ വർഷം ഒന്നു കഴിഞ്ഞിട്ടും തുറന്നില്ല. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാത്തതാണ് തിയറ്റർ തുറക്കാൻവൈകുന്നത്. ദിനേന നൂറുകണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ 2.64 കോടി ചെലവിൽ കഴിഞ്ഞ ഒക്ടോബറിൽ ലക്ഷ്യപദ്ധതിയിൽപെടുത്തി നിർമാണം പൂർത്തിയാക്കിയതാണ് ഗൈനക് ഓപറേഷൻ തിയറ്ററും ലേബർ റൂമും. 2019ൽ എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. ഒരു വർഷം കഴിഞ്ഞിട്ടും തുറക്കാൻ കഴിയാത്തതിന് ആശുപത്രിയിലെ ട്രാൻസ്ഫോർമറിന് ശേഷി കുറവാണെന്ന കാരണമാണ് ചൂണ്ടിക്കാട്ടുന്നത്.
ദിനേന 10 മുതൽ 15 വരെ സർജറികളാണ് ഇവിടെ നടക്കുന്നത്. നിലവിൽ ഗൈനക്കോളജി, ജനറൽ സർജറി, ഓർത്തോ, ഇ.എൻ.ടി വിഭാഗങ്ങൾക്കായി ഒരു ഓപറേഷൻ തിയറ്റർ മാത്രമാണുള്ളത്. മറ്റ് വിഭാഗങ്ങളുടെ സർജറികൾ നടക്കുന്ന ദിവസങ്ങളിൽ സിസേറിയൻ ആവശ്യമായി വരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയോ, അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന സർജറികൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. ഗൈനക് വിഭാഗത്തിൽ മാത്രം നാല് ഡോക്ടർമാരാണുള്ളത്. ഒരു മാസം 150ഓളം പ്രസവങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നിട്ടാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗൈനക് ഓപറേഷൻ തിയറ്ററും ലേബർ റൂമും പണി പൂർത്തിയായിട്ടും തുറന്നു പ്രവർത്തിപ്പിക്കാതെ ഇട്ടിരിക്കുന്നത്.
പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഇതിനോടകം കേരള മെഡിക്കൽ സർവിസസ് കോർപറേഷൻവഴി സ്ഥാപിച്ചിട്ടുണ്ട്. അധികനാൾ തിയറ്ററും ലേബർ റൂമും ഉപയോഗിക്കാതെ അടച്ചിട്ടാൽ ഉപകരണങ്ങളും കെട്ടിടവും പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ കേടുപാട് സംഭവിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് തിയറ്റർ തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, നടപടി ഉണ്ടായിട്ടില്ല. ഇതിനിടെ സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോർജിന്റെ നേതൃത്വത്തിൽ തിയറ്റർ തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.