ചെങ്ങറ കോളനിക്ക് സമീപം പാറമട തുടങ്ങാൻ നീക്കം
text_fieldsമൂവാറ്റുപുഴ: ചെങ്ങറ ഭൂരഹിതരെ പുനരധിവസിപ്പിച്ച ഇട്ടിയക്കാട്ട് ചെങ്ങറ കോളനിക്ക് സമീപം പാറമട തുടങ്ങാൻ നീക്കം. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചെങ്ങറ ഭൂസമര പാക്കേജിന്റെ ഭാഗമായി ഭൂരഹിതരെ പുനരധിവസിപ്പിച്ച ആനിക്കാട് ചെങ്ങറ കോളനിക്ക് സമീപമാണ് പാറമട തുടങ്ങാനുള്ള നീക്കം നടക്കുന്നത്.
ആവോലി പഞ്ചായത്തിലെ നാലാം വാർഡിൽ ജനവാസ കേന്ദ്രത്തിലാണ് പാറമട ആരംഭിക്കാനുള്ള നീക്കം. മിച്ചഭൂമിക്ക് സമീപം കോലഞ്ചേരി സ്വദേശികളായ രണ്ട് പേരുടെ പേരിലുള്ള സ്ഥലം മറ്റൊരു വ്യക്തി പാട്ടത്തിനെടുത്താണിത്. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പാറമടക്ക് അനുമതി ലഭിക്കാൻ അപേക്ഷ നൽകിയിരിക്കുകയാണ്. പാറമട ലൈസൻസിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി തള്ളിയിരുന്നെങ്കിലും പാറമടക്കുള്ള നീക്കം സജീവമാണ്.
സീറോ ലാൻഡ്ലെസ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ സ്ഥലം നൽകിയ 170ഓളം കുടുംബങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന മേഖലയാണിത്. എസ്.സി ഫീസിബിലിറ്റി കോളനിയായി പ്രഖ്യപിച്ചിട്ടുള്ള പ്രദേശം കൂടിയാണിത്. രണ്ടാർകര, ആനിക്കാട്, അടൂപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജലവിതരണത്തിന് ഉപയോഗിക്കുന്ന 40,000 ലിറ്റർ ജലസംഭരണിയും ഇതിന് സമീപമാണ്. എം.വി.ഐ.പി രണ്ടാർ ബ്രാഞ്ച് കനാലിന്റെ കുറുകെയുള്ള ഇടുങ്ങിയ പാലത്തിലൂടെയാണ് പാറമടയിലേക്കുള്ള പ്രവേശന കവാടം. ഇതിലൂടെ ടോറസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ പാലത്തിന് ബലക്ഷയം ഉണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
പാറമട തുടങ്ങാനുള്ള നീക്കത്തിൽനിന്ന് പിന്മാറണം -മുസ്ലിം ലീഗ്
മൂവാറ്റുപുഴ: ചെങ്ങറ കോളനിയിൽ പാറമട തുടങ്ങാനുള്ള ശ്രമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫാറൂഖ് മടത്തോടത്ത് ആവശ്യപ്പെട്ടു. സീറോ ലാൻഡ്ലെസ് പദ്ധതി പ്രകാരം വിധവകൾക്ക് മാത്രമായി പ്രത്യകം സ്ഥലം നൽകിയിരിക്കുന്നതും താമസിക്കുന്നതും പറമട പ്രദേശത്തോട് ചേർന്നാണ്. തൊഴിൽരഹിതരും രോഗികളുമാണ് ഇവരിൽ ഏറെയും. എസ്.സി കോളനിയും ചെങ്ങറ കോളനിയും അടക്കം വലിയ പുനരധിവാസ മേഖലയായ ഈ പ്രദേശത്ത് പാറമട ആരംഭിച്ചാൽ വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും ഫാറൂഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.