നഗരസഭ ഷീ ലോഡ്ജിലെ ‘ഗൃഹപ്രവേശം’ നടക്കില്ല; തുലച്ചുകളഞ്ഞത് 27 ലക്ഷം
text_fieldsമൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം മുൻ നഗരസഭ കൗൺസിൽ നിർമിച്ച ഷീലോഡ്ജും അടഞ്ഞു തന്നെ. കോടികൾ മുടക്കി നിർമിച്ച ശേഷം തുറന്നുനൽകാതെ നശിച്ച ആധുനിക മത്സ്യ- ഇറച്ചി മാർക്കറ്റിന്റെയും അർബൻഹാറ്റിന്റെയും ഗതി തന്നെയാണ് ഈ പദ്ധതിക്കും. സെപ്റ്റിക് ടാങ്കും മലിനജല ശേഖരണത്തിനുള്ള ടാങ്കും നിർമിക്കാതെ അശാസ്ത്രീയമായി നിർമിച്ച ഷീ ലോഡ്ജ് ഇനി ഓഫിസ് മുറികളാക്കി വാടകക്ക് നൽകാനെ കഴിയു. സെപ്റ്റിക് ടാങ്കടക്കം നിർമിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്തതാണ് മുപ്പത് ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമിച്ച ഷീ ലോഡ്ജിന് വിനയായത്.
കഴിഞ്ഞ കൗൺസിൽ അഭിമാന പദ്ധതിയായി ഏറെ കൊട്ടിഗ്ഘോഷിച്ചാണ് പദ്ധതി കൊണ്ടുവന്നത്. നഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനായി ഷീ ലോഡ്ജ് കഴിഞ്ഞ കൗൺസിലിന്റ അവസാന കാലത്താണ് നിർമിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്തു. പിന്നീട് അധികാരത്തിലെത്തിയ യു.ഡി.എഫ് കൗൺസിൽ ഇത് തുറന്നു നൽകാൻ ഒരുങ്ങിയതോടെയാണ് സൗകര്യങ്ങൾ ഒരുക്കിയില്ലന്നത് കണ്ടെത്തിയത്.
തുടർന്ന് വെള്ളവും വെളിച്ചവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയങ്കിലും ഇത് എടുത്തു നടത്താൻ ആളില്ലന്ന് ചൂണ്ടിക്കാട്ടി വീണ്ടും അടച്ചിട്ടു. പ്രതിഷേധം ഉയർന്നതോടെ തുറന്നു നൽകാൻ നടപടി സ്വീകരിക്കുകയും ആളെ കണ്ടെത്തി ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഷീ ലോഡ്ജിലെ ശുചിമുറി മാലിന്യത്തിനും മലിന ജല ശേഖരണത്തിനുമുള്ള ടാങ്കുകൾ സമീപത്തൊന്നും നിർമിക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയത്. തുടർന്നു നടന്ന മാലിന്യ ടാങ്കുകൾ നിർമിക്കാൻ നീക്കം ആരംഭിച്ച് നടത്തിയ പരിശോധനയിൽ ശുചിമുറി മാലിന്യ ടാങ്കും മലിന ജല ടാങ്കും നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്ത് ഇവ നിർമിക്കാൻ കഴിയില്ലന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ പദ്ധതി തന്നെ ഒഴിവാക്കിയിരിക്കുകയാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.