പശ്ചിമ ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരൻ
text_fieldsമൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂലഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്രയുടെ (36) കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതി ഉത്പാൽ ബാല (34) കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ. ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി ടോമി വർഗീസ് കണ്ടെത്തിയത്.
2021 ജനുവരി 31നാണ് കേസിനാസ്പദമായ സംഭവം. പ്രതി ഉത്പൽ ബാലയും മരണപ്പെട്ട ബിശ്വജിത് മിത്രയും പശ്ചിമ ബംഗാൾ ഗായ്ഗട്ട സ്വദേശികളാണ്. ചെമ്മഞ്ചേരി മൂല ഭാഗത്തുള്ള തൊഴിലുടമയുടെ കെട്ടിടത്തിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പ്രതി ഉത്പൽ ബാല മരണപ്പെട്ട ബിശ്വജിത് മിത്രയുടെ ഭാര്യയെയും വീട്ടുകാരെയും കുറിച്ച് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനെതുടർന്നുണ്ടായ വിരോധത്തിൽ പ്രതി മുറ്റത്തുകിടന്ന സിമന്റ് കട്ട കൊണ്ട് തലക്കും മുഖത്തും ഇടിച്ച് പരിക്കേൽപിച്ചു. തുടർന്ന് ശുചിമുറിയിലേക്ക് ബലമായി തള്ളിവീഴ്ത്തി വീണ്ടും സിമന്റ് കട്ട കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദ്വിഭാഷിയുടെ സഹായത്താലാണ് കോടതിയിൽ വിചാരണ പൂർത്തിയാക്കിയത്. അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ലാൽ സി. ബേബിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. വെള്ളിയാഴ്ച ശിക്ഷ വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.