മുറിക്കൽ ബൈപാസ് റോഡ്; സ്ഥലം ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്
text_fieldsമൂവാറ്റുപുഴ: മുറിക്കൽ ബൈപാസ് റോഡുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലേക്ക്. സ്ഥല ഉടമകളുടെ യോഗം വെള്ളിയാഴ്ച നടക്കും. ഒന്നര പതിറ്റാണ്ട് മുമ്പ് പാലം പണി പൂർത്തിയായിട്ടും സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ റോഡ് നിർമാണം നടക്കാതെ അനിശ്ചിതത്വത്തിലായ മുറിക്കൽ ബൈപാസുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുപ്പിനാണ് ഒടുവിൽ തീരുമാനമായിരിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് മാറാടി വില്ലേജിലെ 80ഓളം വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 1.8279 ഹെക്ടർ ഭൂമിയും വെള്ളൂർക്കുന്നം വില്ലേജിലെ 0.1246 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാൻ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യഘട്ടമായി ഭൂമി ഏറ്റെടുക്കുന്ന സ്ഥലമുടമകൾക്ക് ഭൂമിയുടെ വില അടക്കം നഷ്ടപരിഹാരം നൽകാൻ വെള്ളിയാഴ്ച രാവിലെ താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
സ്ഥലം ഉടമകൾ ആവശ്യമായ രേഖകളുമായി എത്തണമെന്നും അവരുടെ ഉടമസ്ഥാവകാശം പരിശോധിച്ച് നഷ്ടപരിഹാരം നിർണയിച്ച് നൽകുമെന്നും മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. ഇതുസംബന്ധിച്ച് ലാൻഡ് അക്വിസിഷൻ തഹസിൽദാർ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.ബാക്കിയുള്ള സ്ഥലം ഉടമകൾക്ക് അടുത്തുതന്നെ നോട്ടീസ് നൽകി നഷ്ടപരിഹാരം തിട്ടപ്പെടുത്തി പണം കൈമാറി സ്ഥലം ഏറ്റെടുക്കുമെന്നും മതിയായ രേഖകൾ ഹാജരാക്കാത്തവരുടെയും സ്ഥലം വിട്ടുനൽകാൻ തടസ്സം നിൽക്കുന്നവരുടെയും നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് സ്ഥലം ഏറ്റെടുക്കുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.
സ്ഥലം ഏറ്റെടുക്കാൻ നേരത്തേ 57 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായാൽ റോഡ് നിർമാണത്തിനുള്ള ടെൻഡർ നടപടി ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.